പ്രതികളിലൊരാളായ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ്, കസ്റ്റഡിയിലായ മോഹൻകുമാർ
നെടുമ്പാശ്ശേരി: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനു പിന്നാലെ യുവാവിനെ കാറിടിപ്പിച്ച് കൊന്നത് സാധാരണ അപകട മരണമായി മാറുമായിരുന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. നാട്ടുകാരുടെ സമയോചിത ഇടപെടലും സി.സി ടി.വിയിലെ നിർണായക ദൃശ്യങ്ങളുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
നെടുമ്പാശ്ശേരി നായത്തോടിൽ ഐവിൻ ജിജോ എന്ന യുവാവിനാണ് ജീവൻ നഷ്ടപ്പെട്ടത്. സംഭവം അപകട മരണമായി മാറുമെന്നാണ് കേസിലെ പ്രതികളായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ വിനയകുമാർ ദാസും മോഹൻകുമാറും കരുതിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയവർ വിനയകുമാറിനെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ഐവിനെയും വിനയകുമാറിനെയും ആശുപത്രിയിലാക്കിയത്.
തക്കസമയത്ത് തങ്ങൾ എത്തിയില്ലായിരുന്നെങ്കിൽ അപകടമരണം മാത്രമായി ഇത് മാറുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്തുനിന്ന് ഓടിമറഞ്ഞ മോഹൻകുമാർ വ്യാഴാഴ്ച രാവിലെ ഒന്നും സംഭവിക്കാത്തതുപോലെ ജോലിക്ക് കയറിയതും ഈ വിശ്വാസത്തിലാണ്.
ഹോട്ടൽ മാനേജ്മെൻറ് പാസായ ശേഷമാണ് ഐവിൻ വിവിധ വിമാനങ്ങളിലെ കാറ്ററിങ് ഏജൻസിയായ കാസിനോ കാറ്ററേഴ്സിൽ ചേർന്നത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തന്റെ കാറിൽ ഉരസിയതിനെത്തുടർന്ന് നഷ്ടപരിഹാരം വേണമെന്ന് ഐവിൻ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ ഉദ്യോഗസ്ഥർ ഓടിച്ചുപോകാൻ ശ്രമിച്ചപ്പോഴാണ് ഐവിൻ കാർ തടയാൻ ശ്രമിച്ചത്.
കാർ മുന്നോട്ടെടുത്തപ്പോൾ ഐവിൻ മാറുമെന്നാണ് തങ്ങൾ കരുതിയതെന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പറയുന്നത്.
സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് (28), കോൺസ്റ്റബിൾ മോഹൻ കുമാർ (31) എന്നിവർക്കെതിരെയാണ് ചെന്നൈയിലെ സി.ഐ.എസ്.എഫ് എയർപോർട്ട്സ് സൗത്ത് സോൺ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. പൊന്നി നടപടി സ്വീകരിച്ചത്. ബിഹാർ സ്വദേശികളാണ് ഇരുവരും.
യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് റൂറൽ എസ്.പി എം. ഹേമലത. ഐവിന്റെ മൊബൈൽ ഫോണിലും ചില തെളിവുകളുണ്ട്. മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിക്കുമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.