ഹിജാബ് ധരിച്ചതിന് വിദ്യാർഥിയെ പുറത്താക്കിയ സെന്‍റ് റീത്താസിലെ വിവാദ പി.ടി.എ പ്രസിഡന്‍റ് ജോഷി കൈതവളപ്പിലിന് വൻ തോൽവി

കൊച്ചി: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പി.ടി.എ പ്രസിഡന്‍റും എൻ.ഡി.എ സ്ഥാനാർഥിയുമായ ജോഷി കൈതവളപ്പിലിന് തോൽവി. കോര്‍പറേഷനിലെ പുതിയ വാര്‍ഡായിരുന്നു ഇത്.

ഇവിടെ സി.പി.എമ്മിന്‍റെ വി.എ. ശ്രീജിത്തിനാണ് വിജയം. 2438 വോട്ട് വി.എ. ശ്രീജിത്ത് നേടിയപ്പോൾ, 1677 വോട്ട് നേടി കോൺഗ്രസിന്‍റെ എൻ.ആർ. ശ്രീകുമാർ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് 194 വോട്ടോടെ വിനീഷ് വിശ്വംഭരനാണ്. 170 വോട്ട് മാത്രം നേടി നാലാം സ്ഥാനത്താണ് ജോഷി കൈതവളപ്പിൽ.

എൻ.ഡി.എ ഘടകകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) എറണാകുളം ജില്ല പ്രസിഡന്റാണ് ജോഷി. ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പി.ടി.എ പ്രസിഡന്‍റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി ജോഷി കൈതവളപ്പിൽ രംഗത്തുവന്നിരുന്നു. ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.ടി.എ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. അന്ന് തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും ബന്ധമില്ലെന്നാണ് ജോഷി പറഞ്ഞിരുന്നത്.

വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി.ഇ) അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിനെതിരെ സ്കൂൾ കോടതിയിൽ പോയെങ്കിലും പരാതി കോടതി തള്ളിയിരുന്നു.

Tags:    
News Summary - NDA candidate St Rita's School PTA President defeated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.