എൻ.സി.പി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം യുക്തിരഹിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: അജിത് പവാർ വിഭാഗത്തെ യഥാർഥ എൻ.സി.പിയായി പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രന്‍. തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം യുക്തിരഹിതമെന്ന് ശശീന്ദ്രൻ പറഞ്ഞു.

എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. കേരളത്തിലെ എന്‍.സി.പി. പ്രവര്‍ത്തകര്‍ ഇത് തിരിച്ചടിയായി കാണുന്നില്ലെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

അതിനിടെ, തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം കേരളത്തിലെ എൻ.സി.പിയെ ദോഷകരമായി ബാധിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ വ്യക്തമാക്കി. എൻ.സി.പി ഇടതു മുന്നണിയിൽ തന്നെ തുടരും. മഹാരാഷ്ട്രയിൽ മാത്രമുള്ള പ്രശ്നമാണിത്. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളിൽ ബാധകമല്ല. സുപ്രീംകോടതി തീരുമാനമറിഞ്ഞ ശേഷം സംസ്ഥാന നേതൃയോഗം വിളിച്ച് വിഷയം ചർച്ച ചെയ്യുമെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷന് മേൽ കേന്ദ്രസർക്കാർ ശക്തമായ സമ്മർദം ചെലുത്തി. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിലും പാർട്ടിയുടെ പേര് പരിഷ്കരിക്കുകയും പുതിയ ചിഹ്നം സ്വീകരിക്കുകയും ചെയ്താൽ പ്രശ്നം തീരുമെന്നും പി.സി. ചാക്കോ ചൂണ്ടിക്കാട്ടി.

ബി.ജെ.പി-ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന സഖ്യ ഭരണത്തിൽ ചേർന്ന അജിത് പവാർ വിഭാഗത്തെയാണ് യഥാർഥ എൻ.സി.പിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ഭൂരിപക്ഷ ജനപ്രതിനിധികളും അജിത്തിനൊപ്പമാണെന്ന കണക്ക് പരിഗണിച്ചാണ് യഥാർഥ എൻ.സി.പി അജിത്തിന്റേതാണെന്ന് കമീഷൻ വിധിച്ചത്. ശരദ് പവാർ സ്ഥാപിച്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ടൈംപീസും അജിത് പക്ഷത്തിന് നൽകി.

ബുധനാഴ്ച വൈകീട്ട് മൂന്നിനകം പുതിയ പേരും ചിഹ്നവും സമർപ്പിക്കാൻ ശരദ് പവാർ പക്ഷത്തിന് അവസാന അവസരവും നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമീഷന്റെ വിധി. പുതിയ മൂന്ന് പേരുകൾ പവാർ പക്ഷം ഉടനെ സമർപ്പിക്കണം. ഇല്ലെങ്കിൽ പവാർ പക്ഷ എം.എൽ.എമാരെ സ്വതന്ത്ര എം.എൽ.എമാരായാണ് കണക്കാക്കുക.

കഴിഞ്ഞ ജൂലൈയിലാണ് അജിത് പവാർ വിമതനീക്കം നടത്തി ഭരണപക്ഷത്തേക്ക് കൂറുമാറി ഉപമുഖ്യമന്ത്രിയായത്. മഹാരാഷ്ട്രയിലെ 53 ൽ 41 പാർട്ടി എം.എൽ.എമാരും നാഗാലാൻഡിലെ ഏഴു പേരും നാലിൽ രണ്ട് എം.പിമാരും തങ്ങൾക്കൊപ്പമാണെന്നാണ് അജിതിന്റെ വാദം.

Tags:    
News Summary - NCP: Minister A.K. Saseendran said that the decision of the Central Election Commission is illogical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.