നവീൻ ബാബു
കോന്നി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആശ്വസിപ്പിച്ച് ഒപ്പംനിന്നവരോടും അന്വേഷണത്തിൽ കൂടെയുണ്ടായിരുന്നവരോടും ഒരുപാട് നന്ദിയുണ്ടെന്ന് കുടുംബം. നീതി അകലെയെന്ന തോന്നലുണ്ടെന്നും ഇവർ പറഞ്ഞു. ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, മകൾ എന്നിവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി ഇപ്പോൾ കണ്ണൂർ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഡിസംബർ 16ന് കേസ് പരിഗണിക്കും. കേസിന്റെ ആദ്യഘട്ടത്തിൽ കുടുംബം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷണപരിധിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നത്. എന്നാൽ, അഡീഷനൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് കേസിൽ വളരെ നിർണായകമായ പോയന്റുകൾ അന്വേഷിച്ചിട്ടില്ലെന്ന് മനസ്സിലായത്.
13 കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. പമ്പുടമ ടി.വി. പ്രശാന്ത് നവീൻ ബാബുവിനെ വിളിച്ചതുമായി ബന്ധപ്പെട്ട ടെലഫോൺ സംഭാഷണങ്ങൾ ഹാജരാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെയും കലക്ടറുടെയും പൂർണവിവരങ്ങൾ കുറ്റപത്രത്തിൽ ഇല്ല. ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ഫോൺ വിവരങ്ങൾ മാത്രമാണ് ഹാജരാക്കിയത്. സംഭവത്തിൽ നീതിലഭിക്കുന്നതിനായി നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്നും കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.