കോന്നി: വിവാദമായ നൗഷാദ് തിരോധാന കേസിൽ ഭാര്യ അഫ്സാനക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത് വേണ്ടത്ര തെളിവുകൾ ശേഖരിക്കാതെയെന്ന് വ്യക്തമായി. ചൊവ്വാഴ്ച പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിലാണ് കേസ് അന്വേഷണത്തിലെ പൊലീസിന്റെ വീഴ്ചകൾ പുറത്തുവരുന്നത്. അഫ്സാന കുറ്റസമ്മതം നടത്തി എന്ന് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കുമ്പോഴും സാധൂകരിക്കുന്ന തെളിവുകൾ ഉൾക്കൊള്ളിക്കാൻ പൊലീസിന് കഴിഞ്ഞില്ല.
2021 നവംബർ നാലിന് നൗഷാദ് മദ്യപിച്ച് എത്തി വീട്ടിൽ ബഹളമുണ്ടാക്കിയതായും അഫ്സാനയുടെ കഴുത്തിൽ നൗഷാദ് അമർത്തിപ്പിടിച്ചതായും ഈ സമയം അഫ്സാന കൈയിൽ കിട്ടിയ വെട്ടുകത്തികൊണ്ട് നൗഷാദിന്റെ തലയിൽ അടിക്കുകയും ബോധം പോവുകയും ചെയ്തതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അഫ്സാനയും സുഹൃത്തും ചേർന്ന് ഇയാളെ പറമ്പിലെ കുഴിയിൽ കൊണ്ടുപോയി ഇടുകയും നൗഷാദ് ധരിച്ച കൈലി കത്തിച്ചുകളയുകയും മൃതദേഹം തൊട്ടടുത്തുള്ള പള്ളിയുടെ ഇളകിയ സെമിത്തേരി കല്ലറയിൽ കൊണ്ടുപോയി ഇട്ടു എന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, അഫ്സാനയെ കോടതിയിൽ ഹാജരാക്കുമ്പോഴും മതിയായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കൊലപാതകം നടന്നു എന്ന് തെളിയിക്കുന്ന തെളിവുകൾ ഇല്ലാതെ ഐ.പി.സി 302 വകുപ്പ് ചുമത്തിയാണ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഐ.പി.സി 117, 182, 201, 297 ഐ.പി.സി ആൻഡ് 117 (ഡി) ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളും ചുമത്തിയിരുന്നു. പൊലീസ് ക്രൂരമായി പീഡിപ്പിച്ചാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന ആരോപിച്ചിരുന്നു.
പത്തനംതിട്ട: പൊലീസ് ക്രൂരമായി മർദിച്ചാണ് കൊലക്കുറ്റം സമ്മതിപ്പിച്ചതെന്ന അഫ്സാനയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോന്നി: പൊലീസ് മൂന്നാംമുറ ജീവിതത്തിൽ ശരിക്കും അനുഭവിച്ചതായി അഫ്സാന. പൊലീസ് സ്റ്റേഷനിൽ കുട്ടികളുടെ കൗൺസലിങ് നടത്തുന്ന മുറിയിൽ സി.സി ടി.വി ഇല്ലാത്ത ഭാഗത്തുവെച്ച് ക്രൂരമായി മർദിച്ചതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൈചുരുട്ടി മുഖത്തിന് ആഞ്ഞടിച്ചു. ഡിവൈ.എസ്.പി അടക്കം ഉദ്യോഗസ്ഥർ തന്നെ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കി. ഡിവൈ.എസ്.പിയാണ് മർദനത്തിന് നേതൃത്വം നൽകിയത്. കണ്ടാൽ തിരിച്ചറിയുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചിട്ടുണ്ട്. പിതാവിനെ പ്രതിയാക്കാനും പൊലീസ് ശ്രമിച്ചതായി അഫ്സാന പറഞ്ഞു.
നൗഷാദിന്റെ മൃതദേഹം കണ്ടെത്താനെന്ന് പറഞ്ഞ് പൊലീസ് സ്വമേധയ കുഴിച്ച് നോക്കുകയായിരുന്നു. പൊലീസിന് ഒപ്പം നടക്കുക മാത്രമാണ് താൻ ചെയ്തത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നതായും കുടുംബത്തിന് അപകീർത്തി ഉണ്ടാക്കിയതായും അഫ്സാന പറയുന്നു. തന്നെ അറസ്റ്റ് ചെയ്ത ശേഷമാണ് നൗഷാദ് പുറംലോകത്ത് എത്തിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.