പൊന്നാനി: ‘‘പടച്ചോനറിയാം മോനെ എപ്പോ മരിക്കുമെന്ന്. അതിനുമുമ്പ് ഒരാഗ്രഹം മാത്രമേ ബാക്കിയുള്ളൂ. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മാറി സ്വന്തം വീട്ടിലെത്തണം. ആ പടച്ചോനാണ് മോനെ എെൻറ മുമ്പിലെത്തിച്ചത്...’’ നാസർ മാനുവിെൻറ കൈകൾ ചേർത്തുപിടിച്ച് വിറയാർന്ന ശബ്ദത്തിലുള്ള ആലി മുഹമ്മദിെൻറ സ്നേഹത്തലോടൽ കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു.
വീടും സ്ഥലവും കടലെടുത്തതിനെത്തുടർന്ന് എട്ടുവർഷമായി പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആലി മുഹമ്മദിെൻറ ജീവിതാഭിലാഷത്തിന് നിറം പകരാനാണ് കാടാമ്പുഴ പാങ്ങ് ചേണായാൽ കണക്കയിൽ അബ്ദുൽ നാസർ എന്ന പ്രവാസി പൊന്നാനിയിലെത്തിയത്. കുമ്പിടി ഉമ്മത്തൂരിൽ തിരുനാവായ സേതുമാധവ വാര്യർ ഫൗണ്ടേഷന് നാസർ മാനു വിട്ടുനൽകിയ ഒരേക്കറിലെ അഞ്ച് സെൻറിൽ നിർമിക്കുന്ന വീട്ടിൽ ആലി മുഹമ്മദും കുടുംബവും ഇനി സ്വസ്ഥമായി ഉറങ്ങും.
പ്രളയത്തിൽ വീട് നഷ്ടമായവർക്കായാണ് ഉമ്മത്തൂരിലെ രണ്ടേക്കർ സ്ഥലം നാസർ മാനു, സേതുമാധവ വാര്യർ ഫൗണ്ടേഷനും ആക്ട് ഓണിനുമായി നൽകിയത്. ഇതിൽ ഒരേക്കർ സ്ഥലത്ത് 20 വീടുകൾ സേതുമാധവ വാര്യർ ഫൗണ്ടേഷൻ നിർമിച്ചുനൽകും. ഇതിൽനിന്ന് ഒരു വീടാണ് ആലി മുഹമ്മദിന് നൽകാൻ തീരുമാനിച്ചത്. നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുമെന്ന് നാസർ മാനു ‘മാധ്യമ’ത്തോട് പറഞ്ഞു.
പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹമെത്തിയത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഒ. ഷംസു, കൗൺസിലർമാർ, കെ.സി. കുഞ്ഞുട്ടി കാടാമ്പുഴ, അശ്റഫ് രാങ്ങാട്ടൂർ, സേവ്യർ, പ്രമോട്ട് ചെറായി, അബ്ദുല്ലക്കുട്ടി പാങ്ങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.