നഞ്ചിയമ്മ

കൊച്ചി: അട്ടപ്പാടിയുടെ വാനമ്പാടിയായ നഞ്ചിയമ്മയുടെ ഭൂമിയും കൈയേറി. 'അയ്യപ്പനും കോശി'യും എന്ന സിനിമയിലെ 'കലക്കാത്ത....' എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം പാടി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. മന്ത്രി കെ. രാജൻ നൽകിയ മറുപടി പ്രകാരം നഞ്ചിയമ്മയുടെ ഭൂമിയിൽ നിലവിലെ ഹരജി പ്രകാരം നടപടികൾ തുടരുകയാണ്.

അഗളി വില്ലേജിൽ സർവേ നമ്പർ 1167/1,6 എന്നിവയിൽ ഉൾപ്പെട്ട നാലേക്കർ ഭൂമി അന്യാധീനപ്പെട്ടതായി ചൂണ്ടിക്കാണിച്ച് നഞ്ചിയമ്മയും ഗൂളിക്കടവിലെ നാഗനും (നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചന്‍റെ പിതാവ്) പരാതി നൽകിയിരുന്നു. തുടർന്ന് 1975ലെ കെ.എസ്.ടി നിയമപ്രകാരം ടി.എൽ.എ കേസ് രജിസ്റ്റർ ചെയ്തു. ഒറ്റപ്പാലം ആർ.ഡി.ഒ ഇക്കാര്യത്തിൽ പരാതി ഫയലിൽ സ്വീകരിച്ചിരുന്നു. കേസിന്മേലുള്ള തുടർനടപടികൾക്കായി വിശദമായ പരിശോധന നടത്തിയതിൽ അഗളി വല്ലേജിൽ സർവേ നമ്പർ 1167/1,6 എന്നിവയിലായി ആകെ 4.81 ഏക്കർ ഭൂമി ആദിവാസിയായ നാഗനിൽ നിന്നും ആദിവാസിയല്ലാത്ത കന്തൻ ബോയന് കൈമാറ്റം ചെയ്തുവെന്നാണ് പ്രമാണം. അതിൽ 3.41 ഏക്കർ കന്തൻ ബോയനിൽനിന്നും മണ്ണാർക്കാട് ടി.എൽ.ബി യുടെ 1987 ഒക്ടോബർ 12ലെ ഉത്തരവ് പ്രകാരം മിച്ചഭൂമിയായി ഏറ്റെടുത്തു. ഇത് കഴിച്ചുള്ള 1.40 ഏക്കർ ഭൂമി ഒറ്റപ്പാലം സബ് കോടതിയിലെ (ഒ.എസ്21/12) കേസിന്മേലുള്ള ഉത്തരവ് പ്രകാരം കല്ലുമേലിൽ കെ.വി. മാത്യു എന്നയാൾക്ക് ലഭിച്ചു.

അതിൽ, സർവേ നമ്പർ 1167/1ൽ ഉൾപ്പെട്ട 50 സെൻറ് ഭൂമി നെല്ലിപ്പതി സ്വദേശി കെ.വി. മാത്യു ജോസഫ് കുര്യൻ എന്നയാൾക്ക് കൈമാറി. അദ്ദേഹത്തിന്‍റെ പേരിൽ ഭൂനികുതി അടക്കുകയും ചെയ്തു. 1999ലെ കെ.എസ്.ടി നിയമത്തിന് വിധേയമായി ഒറ്റപ്പാലം സബ് കലകട്ർ ടി.എൽ.എ ഹരജിയിൽ 2020 ഫെബ്രുവരി 28ന് പുറപ്പെടുവിച്ച ഉത്തരവിൽ നാഗന്‍റെ കൈവശത്തിൽനിന്നും ആദിവാസി ഇതര വിഭാഗത്തിലേക്ക് കൈമാറിയ ഭൂമിയിൽ 3.41 ഏക്കർ മിച്ചഭൂമി ഒഴികെയുള്ള 1.40 ഏക്കർ ഭൂമി കന്തൻ ബോയനോ അദ്ദേഹത്തിന്‍റെ അനന്തര അവകാശികളുടെ പേർക്കോ കൈവശം നിലനിർത്താൻ നിർദേശിച്ചു.

അന്യാധീനപ്പെട്ട ഭൂമിക്ക് പകരമായി നാഗന്‍റെ അവകാശികൾക്ക് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സർക്കാറിൽനിന്നും ഭൂമി അനുവദിച്ച് കിട്ടുവാൻ അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, നാളിതുവരെ അത് നടപ്പാക്കിയിട്ടില്ല. ടി.എൽ.എ കേസിലെ സബ് കലക്ടറുടെ ഉത്തരവിനെതിരെ പാലക്കാട് കലക്ടർക്ക് നഞ്ചിയമ്മയുടെ ഭർത്താവിന്‍റെ അച്ഛനായ നാഗമൂപ്പനും മറ്റ് അവകാശികളും അപ്പീൽ സമർപ്പിച്ചു. ആ ഹരജിയിൽ നടപടികൾ തുടരുന്നുവെന്നാണ് മന്ത്രി കെ. രാജൻ നിയമസഭയിൽ നൽകിയ മറുപടി.

'അയ്യപ്പനും കോശിയും' സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും മുമ്പേ നഞ്ചിയമ്മയുടെ പാട്ട് ജനശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് നഞ്ചിയമ്മയുടെ ഭൂമി കൈയേറ്റവും വാർത്താപ്രാധാന്യം നേടിയത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ, മുഖ്യമന്ത്രി പിണറായി വിജയൻ ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിലുള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു. ഭൂമി കൈയേറ്റത്തിന്‍റെ കാര്യത്തിൽ നഞ്ചിയമ്മയുടെ പേരും പെരുമയും ഭൂമാഫിയക്ക് ബാധകമല്ല.

തുടർച്ചയായി വ്യാജരേഖകൾ ചമച്ചു കൊണ്ട് അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്തു വിൽപന നടത്തുന്നതിന് ഭൂമാഫിയകൾക്ക് ബലം നൽകുന്നത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. വ്യാജ രേഖകളുടെ പിൻബലത്തിൽ ആദിവാസി കുടുംബ ഭൂമികൾ കൈയേറി കൈവശം വെക്കാനുള്ള ഹീനമായ നീക്കത്തിന് ഭരണ സംവിധാനം കുടപിടിക്കുകയാണ്. അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരാണ് ഇതിനെല്ലാം കൂട്ടു നിൽക്കുന്നത്. അട്ടപ്പാടിയിലെങ്ങും ഭീതിയും സംഘർഷവും സൃഷ്ടിച്ചാണ് ഭൂമാഫിയയുടെ പ്രവർത്തനം. അതിന്‍റെ ഇരകളിലൊരാളാണ് നഞ്ചിയമ്മ.

Tags:    
News Summary - Nanjiamma's land was also encroached in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.