നഞ്ചിയമ്മയുടെ ഭൂമി: കന്തസ്വാമി ആർക്കും കൈമാറ്റം ചെയ്തിട്ടില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്

കോഴിക്കോട്: ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ ടി.എൽ.എ കേസിലുള്ള കുടുംബ ഭൂമി കൈവശം വെച്ചിരുന്ന കന്തസ്വാമി ആർക്കും രേഖാമൂലം കൈമാറ്റം ചെയ്തിട്ടില്ലെന്ന് പാലക്കാട് കലക്ടറുടെ റിപ്പോർട്ട്. നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ചുള്ള അപ്പീൽ കേസിലെ വിചാരണയുടെ ഇടക്കാല റിപ്പോർട്ടാണ് 2022 ഡിസംബർ 13 ന് ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചത്. കലക്ടറുടെ റിപ്പോർട്ട് ഈ കേസിൽ നിർണയക വഴിത്തിരിവാണ്.

1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശസ്ഥാപനവും നിയമ പ്രകാരം കന്തസ്വാമി ബോയനോ അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കോ കൈവശം വെക്കാമെന്ന് 2020 ഫെബ്രുവരി 28ന് ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവായിരുന്നു. അതിനെതിരെ നാഗമൂപ്പന്റെ അവകാശികളായി കുമരപ്പൻ, നഞ്ചി, മരുതി എന്നിവരാണ് അപ്പീൽ ഫയൽ ചെയ്തത്.

കന്തസ്വാമി 616/82 – നമ്പർ ആധാരത്തിന് പുറമെ 906/62 നമ്പർ ആധാരവും ഹാജരാക്കിയിരുന്നുവെന്നും എന്നാൽ സബ് കലക്ടർ 616/62 നമ്പർ ആധാരം മാത്രമാണ് പരിഗണിച്ചതെന്നും രണ്ടമത്തെ ആധാരവും പരിശോധിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. അതുപോലെ ഒ.എസ് 21/2010 നമ്പർ കേസിൽ ഒറ്റപ്പാലം കോടതിയിൽ സമർപ്പിച്ച അഗളി വില്ലേജ് ഓഫിസിലെ നികുതി രസീത് വ്യാജമാണെന്നും ഭൂമി കൈമാറ്റം നടത്തിയ കെ.വി. മാത്യു, മാരിമുത്തു എന്നിവർക്കെതിരെ ക്രമിനൽ കേസ് നിലവിലുണ്ടെന്നും അപ്പീൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

 

രേഖകൾ പരിശോധിച്ചതിൽ നഞ്ചിയമ്മയുടെ ഭർതൃപിതാവായ നാഗമൂപ്പൻ 1962 ലെ ആധാരപ്രകാരം അഗളി വില്ലേജിലെ ഭൂമി മാരിബോയന് കൈമാറി. പിന്നീട് മാരിബോയന്റെ മകനായ കന്തസ്വാമിയിൽ ഭൂമി എത്തി. ഈ ഭൂമിയിൽ നിന്നും 3.41 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുത്തതായി മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. കന്തസ്വാമി ബാക്കി ഭൂമി രേഖാമൂലം ആർക്കും കൈമാറിയതായി പരിശോധനയിൽ കണ്ടെത്താനായില്ല. കന്തസ്വാമിക്ക് അവകാശികളായി ആദിവാസി വിഭാഗത്തിൽപ്പെട്ട രാമിയിലുണ്ടായ മകനായ മാരിമുത്തുവും കന്തസ്വാമി ബോയന്റെ ഭാര്യമാരായ ഈശ്വരി അമ്മാളും കൃഷ്ണവേണിയും അവരുടെ മക്കളും ഉള്ളതായി പറയുന്നു. അനന്തരാവകാശികൾക്കിടയിൽ തർക്കം നിലനിൽക്കുന്നതിനാൽ അത് പരിശോധിക്കേണ്ടതാണെന്ന് കലക്ടർ രേഖപ്പെടുത്തി.

 

കെ.വി മാത്യു ഭൂമിക്ക് വിൽപ്പന കരാർ ഉണ്ടാക്കിയത് മാരിമുത്തുവുമായിട്ടാണ്. കരാർ പ്രകാരം ഭൂമി തീറ് നൽകാത്തതിനാൽ കെ.വി മാത്യു ഒറ്റപ്പാലം സബ് കോടതിയൽ കേസ് ഫയൽ ചെയ്തു. കേസിൽ 2010 ഫെബ്രുവരി 27ന് എക്സ് പാർട്ടിയായി കോടതിയിൽ നിന്നും കെ.വി. മാത്യുവിന് അനുകൂലമായി ഉത്തരവ് ഉണ്ടായി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെ.വി മാത്യു 1.41 ഏക്കർ ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തത്. ആ ഭൂമിയിൽ നിന്നും 50 സെന്റ് ഭൂമി ജോസഫ് കുര്യന് 2017ൽ ആധാര പ്രകാരം തീറ് നൽകി. ജോസഫ് കുര്യൻ ഈ സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നതിന് നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. കന്തസ്വാമി മാരിമുത്തുവിന് ഭൂമി കൈമാറിയതായി രേഖയില്ലാത്ത ഭൂമിയാലാണ് ഈ കൈമാറ്റം നടന്നത്.

ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച് നഞ്ചിയമ്മ അടക്കമുള്ളവരുടെ അപ്പീൽ അപേക്ഷ തീർപ്പാക്കുന്നതിന് ഒറ്റപ്പാലം സബ് കോടതിയിലെ കേസുമായി ബന്ധപ്പെട്ട ഉത്തരവിന്റെയും എക്സിബിറ്റുകളുടെയും പകർപ്പും മാരിമുത്തു തർക്കസ്ഥലം കൈവശം വെച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളും ലഭിക്കണമെന്നാണ് കലക്ടറുടെ റിപ്പോർട്ട്.

Tags:    
News Summary - Nanchiamma's land: Collector's report that Kanthaswamy has not transferred it to anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.