ശ്രീ എമ്മിനെ മധ്യസ്ഥനാക്കി ആർ.എസ്.എസുമായി വിലപേശിയ നേതൃത്വമാണ് സി.പിഎമ്മിന്റേത്; എം.വി. ഗോവിന്ദന്റെ തുറന്നുപറച്ചിൽ ആർ.എസ്.എസിന്റെ വോട്ടുവാങ്ങാൻ -എൻ. വേണു

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം സഖ്യം ചേർന്നെന്നും അത് വലിയ അപരാധമല്ലെന്നും തുറന്ന് സമ്മതിച്ച എം.വി. ഗോവിന്ദൻ നിലമ്പൂരടക്കം തെരഞ്ഞെടുപ്പുകളിൽ വിജയത്തിന് ആർ.എസ്.എസ് വോട്ട് സമാഹരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. കണ്ണൂർ ജില്ലയിലെ നൂറുകണക്കിന് സാധാരണ പാർട്ടി പ്രവർത്തകരെ അരുംകൊലയ്ക്ക് വിട്ടുകൊടുത്ത സി.പി.എം അടിയന്തരാവസ്ഥ കാലത്ത് ജനസംഘവുമായി തുടർന്ന പരസ്യ ബന്ധം മുതൽ പിണറായിക്കാലം വരെ ആർ.എസ്.എസുമായി ഉണ്ടാക്കിയ ബന്ധം വരെ എല്ലാവർക്കും അറിയാമെന്നും വേണു പറഞ്ഞു.

മുമ്പ് പാനൂരിൽ പി.ആർ. കുറുപ്പിനെതിരെ ആർ.എസ്.എസിനെയും കൂട്ടി മുന്നണി രൂപവത്കരിച്ചവരാണ് സി.പി.എം. ആർ.എസ്.എസുകാർ അരുംകൊല ചെയ്ത രക്തസാക്ഷികളുടെ കുടുംബങ്ങൾ ഗോവിന്ദനോടും സി.പി.എം നേതൃത്വത്തോടും പൊറുക്കില്ല. ശ്രീ എം എന്ന ആളെ മധ്യസ്ഥനാക്കി ആർ.എസ്.എസുമായി വിലപേശിയ നേതൃത്വമാണ് ഇന്നത്തെ സി.പിഎമ്മിന്റേത്. ഇതിന് പ്രത്യുപകാരമായാണ് ശ്രീ എമ്മിന് ഏക്കർകണക്കിന് സർക്കാർ ഭൂമി പിണറായി വിജയൻ സൗജന്യമായി നൽകിയത്.

കേരളത്തിൽ സംഘപരിവാറുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കിയ സി.പി.എം ആണ് ആർ.എസ്.എസിനും ബി.ജെ.പിക്കും വളരാൻ ഇടമൊരുക്കിയത്. അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് മതേതര പാർട്ടികളുടെ വോട്ടുസമാഹരണം നടത്തുമ്പോൾ സി.പിഎം കോൺഗ്രസിനെതിരെ രംഗത്തു വന്ന് ആർ.എസ്.എസിനെ സഹായിക്കുകയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്ലാം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലും ആർ.എസ്.എസുമായി ബന്ധമുണ്ടാക്കുന്ന തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. അതിന്റെ ചൂണ്ടുപലകയിടലാണ് ആർ.എസ്.എസ് ബന്ധം വലിയ അപരാധമല്ലെന്ന മട്ടിൽ എം.വി. ഗോവിന്ദൻ നടത്തിയ അഭിമുഖം.

ഒരു ഭാഗത്ത് വലിയ ഫാഷിസ്റ്റ് വിരുദ്ധ ചാമ്പ്യനാണെന്ന് വാദിക്കുകയും മറുഭാഗത്ത് അവരുമായി ഈടുറ്റ സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നവരാണ് സി.പി.എം നേതാക്കൾ. ആർ.എസ്.എസ് പതാക പ്രദർശിപ്പിച്ച ഗവർണറുടെ രാജ്ഭവനിൽ പോകില്ലെന്ന നിലപാടെടുത്തവരാണ് സി.പി.ഐ. എന്നാൽ, മുഖ്യമന്ത്രി ഗവർണർക്കെതിരെ ക മാ എന്ന് ഉരിയാടാൻ പോലും തയ്യാറായില്ല. ഇതെല്ലാം കാണിക്കുന്നത് ആർ.എസ്.എസ് ബന്ധവും അവരോട് കാട്ടുന്ന മൃദുസമീപനവുമാണെന് ഏവർക്കും അറിയാം. എന്നിട്ടും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കുകയാണ് സി.പി.എം.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ നയങ്ങൾ പിന്തുടരുകയും അവരുടെ വികസന സങ്കല്പങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ബീ ടീമാണ് സി.പി.എം. അത് അടിവരയിടുകയാണ് അഭിമുഖത്തിലൂടെ ഗോവിന്ദൻ ചെയ്തതെന്നും വേണു അഭിപ്രായപ്പെട്ടു.

Tags:    
News Summary - n venu against cpm rss relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.