പയ്യന്നൂർ: മലേഷ്യയിലെ സുബാങ് ജായ സേലങ്കോറിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളിസ്ത്രീ പയ്യന്നൂരിലെ ഡോ. ഓമനയാണെന്ന നിഗമനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തമിഴ്നാട് പൊലീസിന് കൈമാറി. തളിപ്പറമ്പ് ഡിവൈ.എസ്.പിയാണ് റിപ്പോർട്ട് തമിഴ്നാട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡോക്ടറുടെ ബന്ധുക്കൾ പരസ്യത്തിലെ ഫോട്ടോ തിരിച്ചറിഞ്ഞതായ വിവരം ഉൾപ്പെടെ തമിഴ്നാട് പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി മരണം സംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതിന് തമിഴ്നാട് പൊലീസ് മലേഷ്യയിലേക്ക് തിരിക്കും.
അറസ്റ്റ് ചെയ്തപ്പോൾ രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ, അടയാളങ്ങൾ എന്നിവ പരിശോധിച്ചായിരിക്കും സ്ഥിരീകരിക്കുക. ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധന കൂടി നടത്തിയായിരിക്കും ഉറപ്പിക്കുക. ബുധനാഴ്ച മലേഷ്യൻ ഹൈകമീഷണർ മലയാളപത്രങ്ങളിൽ നൽകിയ പരസ്യം സംബന്ധിച്ച അന്വേഷണത്തിലാണ് മരിച്ച സ്ത്രീ ഡോ. ഓമനയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കെയ്സുകളിലാക്കി ഉപേക്ഷിക്കാൻ ശ്രമിക്കവെ തമിഴ്നാട് പൊലീസിെൻറ പിടിയിലായ ഡോ. ഓമന 16 വർഷത്തിലധികമായി ഒളിവിലാണ്. തമിഴ്നാട് പൊലീസും ഇൻറർപോളും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
1996 ജൂലൈ 11നാണ് പയ്യന്നൂരിലെ കരാറുകാരനായ കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വെച്ച് കൊലപ്പെടുത്തിയത്. ഇൗ കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ അവർ കുറച്ചുദിവസം പയ്യന്നൂരിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. അതേസമയം, പ്ലാസ്റ്റിക് സർജറിയിലൂടെ മുഖം മാറ്റിയാണ് ഓമന ഒളിവിൽ കഴിഞ്ഞതെന്നാണ് തമിഴ്നാട് പൊലീസ് വിശ്വസിക്കുന്നത്. ഇതാണ് ഇൻറർപോളിെൻറ സഹായമുണ്ടായിട്ടും പിടികൂടാനാവാത്തതത്രെ. ഡോ. ഓമന പയ്യന്നൂരിൽ പ്രാക്ടീസ് ചെയ്യുന്നകാലത്ത് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യചികിത്സ, സൗജന്യ ശസ്ത്രക്രിയ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള രോഗികൾ ഡോക്ടറുടെ ചികിത്സതേടി പയ്യന്നൂരിൽ എത്തിയിരുന്നു. കൊലപാതകത്തിനുശേഷം ജാമ്യത്തിലിറങ്ങി പയ്യന്നൂരിൽ വന്നപ്പോഴും ഇത് തുടർന്നു. ചില സംഘടനകളുമായി യോജിച്ച് വൈദ്യശാസ്ത്രരംഗത്തെ ചൂഷണത്തിനെതിരെ ബോധവത്കരണവുമായും രംഗത്തുണ്ടായിരുന്നു. ഈ ജനകീയതയും ഡോ. ഓമനക്ക് ഒളിവിൽ കഴിയാൻ തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.