കോഴിക്കോട്: സഹകരണമേഖലയില്‍ അര്‍ബുദ ചികിത്സക്കായി ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) ജനുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിനാണ് ഉദ്ഘാടന ചടങ്ങ്. 350 കോടി രൂപ ചെലവിട്ട് 15.5 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള വിശാലമായ കോമ്പൗണ്ടില്‍ ആറരലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ അര്‍ഹരായ 30 ശതമാനം രോഗികള്‍ക്ക് സൗജന്യചികിത്സയും സേവനങ്ങളും നല്‍കും. കാലിക്കറ്റ് സിറ്റി സര്‍വിസ് കോഓപറേറ്റിവ് ബാങ്കിന്‍െറ ചാരിറ്റബിള്‍ സൊസൈറ്റിയായ കെയര്‍ ഫൗണ്ടേഷനാണ് (കാന്‍സര്‍ ആന്‍ഡ് അലൈഡ് എയില്‍മെന്‍റ്സ് റിസര്‍ച് ഫൗണ്ടേഷന്‍) ആശുപത്രിക്കു പിന്നില്‍.
കാന്‍സര്‍ ചികിത്സ ചരിത്രത്തിലെ മികച്ച നേട്ടങ്ങളിലൊന്നായ പ്രോട്ടോണ്‍ ബീം തെറപ്പിയും എം.വി.ആറില്‍ വൈകാതെ ലഭ്യമാവും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, പി.ടി.എ റഹീം, ഒ. രാജഗോപാല്‍, നടി മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. എം.വി.ആര്‍ മെഡിക്കല്‍ സംഘം മേധാവി ഡോ. നാരായണന്‍ കുട്ടി വാര്യര്‍, കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ടി.വി. വേലായുധന്‍, ട്രഷറര്‍ ടി.എം. വേലായുധന്‍, കാലിക്കറ്റ് സിറ്റി സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പി. ദാമോദരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.