ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തല്ല -എം. വി ജയരാജന്‍

കൊച്ചി: മുഖ്യമന്ത്രിയടേതെന്നല്ല, ഏതെങ്കിലും പൗരന്‍െറ പോലും സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ഇന്ത്യ ബി.ജെ.പി നേതാക്കളുടെ സ്വകാര്യ സ്വത്തല്ലെന്ന്​ എം. വി ജയരാജന്‍. ഭരണഘടനയനുസരിച്ചല്ല ബി.ജെ.പി ഭരിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനെ മംഗലപുരത്ത് തടയുമെന്ന  പ്രഖ്യാപനമെന്നും സി.പി.എം നേതാവ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. 

ബി.ജെ.പിക്കാര്‍ ഇപ്പോഴും ജനാധിപത്യ യുഗത്തിലല്ല, ശിലായുഗ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മംഗലാപുരത്ത് മാത്രമല്ല, കേരളത്തി​​െൻറ  മുഖ്യമന്ത്രി രാജ്യത്ത് എവിടെ ചെന്നാലും തടയുമെന്നാണ് പ്രഖ്യാപനം. മധ്യപ്രദേശില്‍ ചെന്ന പിണറായി വിജയനെ സുരക്ഷാ പ്രശ്നം പറഞ്ഞ് അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചയക്കുകയാണ് ചെയ്തത്. ദലിത്, ന്യൂനപക്ഷ വിഭാഗക്കാരെ മാത്രമല്ല, ജനാധിപത്യം പോലും ഇവര്‍ അംഗീകരിക്കുന്നില്ലെന്ന്​ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ രണ്ട് ശതമാനം ബി.ജെ.പിക്കാര്‍ മാത്രം ഉണ്ടായിരുന്ന  കാലത്ത് ആളുകളെ കൊല്ലുകയും തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പ്രസംഗിച്ചത്. അങ്ങിനെ കൊന്നതുകൊണ്ടാണ് ഇപ്പോള്‍ 16 ശതമാനം ബി.ജെ.പിക്കാര്‍ ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞു വന്നത്. രണ്ട് ശതമാനമുള്ളപ്പോള്‍ കൊല്ലാന്‍ മടി കാട്ടാത്തവര്‍ 16 ശതമാനമായ സാഹചര്യത്തില്‍ തീര്‍ച്ചയായും ഇനിയും കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. കൊലക്കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പര്യാപ്തമായ വെളിപ്പെടുത്തലാണ് കെ. സുരേന്ദ്രന്‍ നടത്തിയതെന്നും കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സി.പി.എമ്മിന് അത്ര വേരോട്ടമില്ലാത്ത മംഗലാപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാന്‍ സഹായിച്ചതിന് സുരേന്ദ്രനോടും ബി.ജെ.പിയോടും നന്ദിയുണ്ടെന്നും ജയരാജന്‍ പരിഹസിച്ചു.

Tags:    
News Summary - m.v jayarajan statement against bjp leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.