കണ്ണൂർ: നിലമ്പൂരിലെ ഇടതു മുന്നേറ്റം മൂന്നാം എൽ.ഡി.എഫ് സർക്കാറിലേക്കുള്ള തുടക്കമാകുമെന്നും അൻവറിന്റെ പ്രവൃത്തിക്ക് ജനങ്ങൾ മറുപടി നൽകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റായ രീതിയിലുള്ള എല്ലാ കൂട്ടുകെട്ടുകളെയും മറികടന്ന് എൽ.ഡി.എഫ് മികച്ച വിജയം നേടും.
യൂദാസിന്റെ രൂപത്തിൽ നെറികെട്ട പ്രവർത്തനമാണ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. യു.ഡി.എഫിനുവേണ്ടി പാർട്ടിയെ ഒറ്റുകൊടുക്കുകയാണ് ചെയ്തത്. ഡി.എം.കെയുടെയും തൃണമൂലിന്റെയും പേര് ഉപയോഗിച്ച് നാടകം നടത്തുമ്പോഴും യു.ഡി.എഫിനു വേണ്ടിയാണ് അൻവറിന്റെ യാത്രയെന്ന് ബോധ്യമായിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ പോലും അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെയാണ് കോൺഗ്രസ് മാപ്പുനൽകി ഏറ്റെടുക്കുന്നത്.
ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. ഏതെങ്കിലും മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എൽ.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവില്ല. ഭരണത്തെപ്പറ്റി ജനങ്ങൾക്കുള്ള നല്ല മതിപ്പിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്തീയ വർഗീയ ശക്തിയായ കാസയും എൽ.ഡി.എഫിനെതിരെ യു.ഡി.എഫിനൊപ്പം ചേരുകയാണ്. അവസരവാദപരമായ കൂട്ടുകെട്ടുണ്ടാക്കുമ്പോൾ കോൺഗ്രസ് അതിന്റെ ചുക്കാൻ പിടിക്കുകയാണ്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ട കോൺഗ്രസാണ് ഇതിന് നേതൃത്വം നൽകുന്നതെന്നത് ജനങ്ങൾക്ക് ബോധ്യമാകുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.