തദ്ദേശ തെരഞ്ഞെടുപ്പിൽ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ; ബി.ജെ.പിക്ക് 19 ശതമാനം വോട്ട് പോലും കിട്ടില്ല -എം.വി. ഗോവിന്ദൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടമെമെന്നും ബി.ജെ.പി ചിത്രത്തിലില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ വോട്ടിനൊപ്പം ജനാധിപത്യ വോട്ടും എൽ.ഡി.എഫിന് ലഭിക്കും. എൽ.ഡി.എഫ് മികച്ച മുന്നേറ്റം കൈവരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

വാജ്പേയിയുടെ കാലത്ത് 16 ശതമാനം വോട്ടാണ് കേരളത്തിൽ ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും 19 ശതമാനമായാണ് വർധന. മാധ്യമങ്ങളാണ് ബി.ജെ.പിയെ ബൂസ്റ്റ് ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ശതമാനം വോട്ട് പോലും കിട്ടില്ല. അമിത്ഷാ പറഞ്ഞ 25 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കില്ല. ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരുമെന്നത് വ്യാമോഹമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ല. മാധ്യമങ്ങൾക്കിടയിലാണ് ഭരണവിരുദ്ധ വികാരമുള്ളത്. 29-ാം തീയതിയിലെ മന്ത്രിസഭാ യോഗത്തോടെ പുതിയ തലത്തിലേക്കാണ് കേരളത്തിലെ കാര്യങ്ങൾ നീങ്ങുന്നത്. ഇടത് സർക്കാറിന്‍റെ ജനപ്രിയത വർധിക്കുകയാണ് ചെയ്തത്. പശ്ചാത്തല സൗകര്യം ലോകത്തെ വികസിത സമൂഹത്തിനൊപ്പം നിർത്താൻ സാധിച്ചിട്ടുണ്ട്. ഭാവനാപൂർവം കിഫ്ബിയെ കൈകാര്യം ചെയ്തത് കൊണ്ട് വികസന പ്രവർത്തനം നടത്താൻ സാധിച്ചത്.

സർക്കാർ വിരുദ്ധ വികാരമെന്ന് പറഞ്ഞ് നടത്തിയ രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വോട്ട് കുറയുകയാണ് ചെയ്തത്. നിലമ്പൂരിൽ യു.ഡി.എഫിന് വോട്ട് കുറയുകയുണ്ടായി. ജമാഅത്തെ ഇസ് ലാമിയെയും എസ്.ഡി.പി.ഐയെയും ഒരു മുന്നണി പോലെ ചേർത്തു നിർത്തിയാണ് യു.ഡി.എഫ് നിലമ്പൂരിലും പാലക്കാടും വോട്ട് പിടിച്ചത്. ജമാഅത്തിനെയെയും എസ്.ഡി.പി.ഐയെയും ചേർത്തുള്ള ന്യൂനപക്ഷ വർഗീയതയെ ഉപയോഗപ്പെടുത്തി. യു.ഡി.എഫിന്‍റെ ആശയനിർമിതിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതൃത്വമാണ് ജമാഅത്തും എസ്.ഡി.പി.ഐയും.

പാർലമെന്‍റ തെരഞ്ഞെടുപ്പിന് മുമ്പ് മുസ് ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് വർഗീയ നിലപാടുകൾക്കെതിരായ സമീപനമാണ് സ്വീകരിച്ചത്. ന്യൂനപക്ഷ വർഗീയതയിലും ഈ നിലപാടായിരുന്നു യു.ഡി.എഫിന്. കോൺഗ്രസും ലീഗും മൗദൂദിയുടെ മുസ് ലിം രാഷ്ട്രസിദ്ധാന്തത്തെ ശക്തിയായി എതിർത്താണ് മുന്നോട്ടു വന്നത്. ഒരു ഘട്ടത്തിൽ എത്തിയപ്പോൾ സി.പി.എം വിരുദ്ധത മൂത്ത് ജമാഅത്തിനെയും എസ്.ഡി.പി.ഐയെയും ഒപ്പം ചേർക്കുന്ന നിലപാട് സ്വീകരിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താതെ യു.ഡി.എഫിന് പിന്തുണ നൽകി.

യു.ഡി.എഫിന് കേരളത്തിൽ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല. വികസന വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വർഗീയതക്കെതിരായ സി.പി.എം പോരാട്ടം കേരളത്തിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്. മുമ്പും ഇപ്പോഴും വർഗീയതയുമായി കോൺഗ്രസ് സന്ധി ചെയ്തവരാണ്. എൽ.ഡി.എഫ് ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും പ്രതിരോധിക്കും. യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലും ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളാണ് പ്രവർത്തിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - MV Govindan react to Political Situation of Local Body Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.