എല്‍.ഡി.എഫി​െൻറ ലീഡ് സംബന്ധിച്ചുണ്ടായ അവ്യക്തത; തെരഞ്ഞെടുപ്പ്​ കമ്മീഷ​െൻറ പിടിപ്പുകേട്​ മൂലമെന്ന്​ എം.വി ഗോവിന്ദൻ മാസ്​റ്റർ

കോഴിക്കോട്​: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫി​െൻറ ലീഡ് സംബന്ധിച്ചുണ്ടായ അവ്യക്തത ഇലക്ഷന്‍ കമ്മീഷ​െൻറ പിടിപ്പുകേടുണ്ടായതാണെന്ന്​ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ​ എം.വി ഗോവിന്ദൻ മാസ്​റ്റർ.

ഈ അവ്യക്​തത മുതലെടുത്താണ്​ ​ചില ദൃശ്യമാധ്യമങ്ങള്‍ തളിപ്പറമ്പില്‍ വോട്ടുചോര്‍ച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയതതെന്നും അദ്ദേഹം ഫേസ്​ബുക്കിലെഴുതിയ കുറിപ്പിൽ വിശദീകരിക്കുന്നു.


മണ്ഡലത്തിലെ കൗണ്ടിങ്​ സെൻററില്‍ നിന്നും സമാഹരിച്ച വോട്ടുനിലയും ലീഡും സമയബന്ധിതമായി ഇലക്ഷന്‍ സോഫറ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിലുണ്ടായ വീഴ്ചമൂലമാണ് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.

സാധാരണ ഗതിയില്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും വോട്ടുകണക്കുകള്‍ ഇലക്ഷന്‍ സോഫറ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും അതിലുണ്ടായ വീഴ്​ചയെ മാധ്യമങ്ങൾ മുതലെടുക്കുകയായിരുന്നു​െവന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫി​െൻറ ലീഡ് സംബന്ധിച്ചുണ്ടായ അവ്യക്തത ഇലക്ഷന്‍ കമ്മീഷ​െൻറ പിടിപ്പുകേടുണ്ടായതാണ്. ഈ അവസ്ഥ മുതലെടുത്ത് ആ ദിവസം ചില ദൃശ്യമാധ്യമങ്ങള്‍ തളിപ്പറമ്പില്‍ വോട്ടുചോര്‍ച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അങ്ങിനെയൊന്നും തളിപ്പറമ്പില്‍ സംഭവിച്ചിട്ടില്ല. മണ്ഡലത്തിലെ കൗണ്ടിംഗ് സെന്ററില്‍ നിന്നും സമാഹരിച്ച വോട്ടുനിലയും ലീഡും സമയബന്ധിതമായി ഇലക്ഷന്‍ സോഫറ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിലുണ്ടായ വീഴ്ചമൂലമാണ് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.

സാധാരണ ഗതിയില്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും വോട്ടുകണക്കുകള്‍ ഇലക്ഷന്‍ സോഫറ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. തളിപ്പറമ്പ് മണ്ഡലത്തെ സംബന്ധിച്ച് രാവിലെ 11 മണിവരെ മാത്രമേ ഇത്തരത്തില്‍ സോഫ്റ്റ്‌വെയറില്‍ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളു. അപ്പോള്‍ രണ്ടായിരത്തി ചില്ല്വാനം വോട്ടിന്റെ ലീഡ് നിലയാണ് രേഖപ്പെടുത്തിയിരുന്നത്. ദൃശ്യമാധ്യമങ്ങളടക്കമുള്ളവര്‍ ഇലക്ഷന്‍ കമ്മീഷ​െൻറ സൈറ്റിലെ വിവരത്തെ പിന്‍പറ്റി ആ ലീഡ് നില പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ ഈ തെറ്റായ ലീഡ് നിലയെടുത്തുകാട്ടി തളിപ്പറമ്പില്‍ എല്‍ ഡി എഫ് വോട്ട് ഒഴുകിപ്പോയി, പാര്‍ട്ടിക്കകത്തെ തര്‍ക്കപ്രശ്നമാണ് കാരണം എന്ന നിലയില്‍ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ നുണപ്രചരണവും ചര്‍ച്ചയും നടത്തി.

വൈകുന്നേരമായപ്പോള്‍ ശരിയായ ലീഡ് നില പ്രക്ഷേപണം ചെയ്യണമെന്നുമാവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചാനലുകളില്‍ കണക്ക് വിളിച്ചു കൊടുത്തപ്പോഴാണ് പ്രദര്‍ശിപ്പിക്കുന്ന ലീഡ് സംഖ്യ തിരുത്തി, തളിപ്പറമ്പിലെ എല്‍ ഡി എഫ് ഭൂരിപക്ഷം പതിനേഴായിരം എന്ന് പറഞ്ഞത്. എന്നാല്‍, വീണ്ടും വര്‍ധിച്ച ഭൂരിപക്ഷം സംബന്ധിച്ച കണക്ക് ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റും വാര്‍ത്താ ചാനലുകളും പുതുക്കുകയോ ജനങ്ങളിലെത്തിക്കുകയോ ചെയ്തില്ല.

രാത്രി ട്വന്റിഫോര്‍ ന്യൂസിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഞാന്‍ നേരിട്ട്​ പങ്കെടുത്തപ്പോള്‍ പ്രമുഖ അവതാരകനായ ഡോ. അരുണ്‍ പറഞ്ഞത്, 17000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതില്‍ അഭിനന്ദനങ്ങള്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ ആ സമയത്ത് തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ ഡി എഫ് ഭൂരിപക്ഷം 22689 ആണ്. ആ ചര്‍ച്ചയില്‍ ഞാനാണ് ഭൂരിപക്ഷം സംബന്ധിച്ച കൃത്യമായ സംഖ്യ വെളിപ്പെടുത്തിയത്. ആന്തൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് പിറകോട്ട് പോയെന്ന നുണപ്രചരണവും ഈ അവ്യക്തത മുതലെടുത്ത് ചിലഭാഗത്തുനിന്നും ഉണ്ടായി. ആന്തൂരില്‍ മാത്രം 12511 വോട്ടിന്റെ ലീഡ് ഉണ്ട്. എല്‍.ഡി.എഫ് വിലയിരുത്തി കണക്കുകൂട്ടിയ ഭൂരിപക്ഷത്തില്‍ നിന്ന് മണ്ഡലത്തില്‍ എവിടെയും പിറകോട്ട് പോയിട്ടില്ല.

ഇത്തരത്തില്‍ അനാവശ്യ ചര്‍ച്ചകളും സംശയങ്ങളും ഉണ്ടാകാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷ​െൻറ വീഴ്ചയാണ്. അവരുടെ സോഫ്റ്റ്‌വെയര്‍ ട്രെൻഡിൽ നിന്നും എന്‍കോറിലേക്ക് മാറ്റുമ്പോള്‍ കമ്മീഷന്‍ പറഞ്ഞത് ഇനി എല്ലാം സമയബന്ധിതമായി കാലികമാക്കാന്‍ പറ്റുമെന്നാണ്. എന്നാല്‍, തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ വോട്ട് സംബന്ധിച്ച കണക്കുകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ഉണ്ടായ വീഴ്ച ഗുരുതര സ്വഭാവമുള്ളതാണ്. തെരഞ്ഞെടുപ്പ് കൗണ്ടിംഗ് വേളയില്‍ ഈ പിഴവുകളെ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യത വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടായിരുന്നു. അവരത് ചെയ്തുമില്ല.

ചിലര്‍ കൊണ്ടുപിടിച്ചുനടത്തുന്ന പ്രചരണം കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ ഡി എഫിനുണ്ടായ നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം ഇപ്രാവശ്യം ഉണ്ടായില്ല എന്നതാണ്. കേള്‍ക്കുമ്പോള്‍ ഗൗരവമുള്ളതായി തോന്നുമെങ്കിലും നന്നായി പരിശോധിച്ചാല്‍ വസ്തുത മനസിലാകും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സമുദായസംഘടനയായ നമ്പ്യാര്‍മഹാസഭയുടെ പ്രതിനിധിയായിരുന്നു. കെപ്പത്തി ചിഹ്നത്തിലല്ല അന്ന് മത്സരിച്ചത്. ആദ്യഘട്ടത്തില്‍ വലിയ ഘോഷത്തോടെ സാമ്പത്തികം വാരിയെറിഞ്ഞ് നടത്തിയ പ്രചരണത്തിന് മണ്ഡലത്തില്‍ തുടര്‍ച്ചയുണ്ടായില്ല. അവസാനഘട്ടത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും മുങ്ങുന്ന അവസ്ഥയുമുണ്ടായി. സാമ്പത്തിക ലഭ്യത ഇല്ലാത്തതിനാല്‍ യു ഡി എഫിന്റെ സംഘടനാ മെഷിനറി അവസാന നിമിഷങ്ങളില്‍ ചലിച്ചില്ല. അന്നത്തെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ യു ഡി എഫ് വോട്ടര്‍മാരില്‍ മൂന്നിലൊരുഭാഗം വോട്ടുചെയ്യാന്‍ പോലും പോയില്ല. അത്തരമൊരു പശ്ചാത്തലത്തില്‍ നിന്നും 2021ലെ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കടുത്ത രാഷ്ട്രീയ പോരാട്ടമാണ് ഉണ്ടായത്. കൈപ്പത്തി ചിഹ്നത്തെ യു ഡി എഫുകാര്‍ രാഷ്ട്രീയമായി കൈയേറ്റു. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലാണ് യു ഡി എഫ് ക്യാമ്പ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലാകമാനം പ്രവര്‍ത്തിച്ചത്. മുസ്ലീംലീഗ് ആ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. എന്നിട്ടും ഈ രാഷ്ട്രീയ സമരത്തില്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എണ്ണൂറോളം വോട്ടുകള്‍ക്ക് പിന്നില്‍പ്പോയ തളിപ്പറമ്പ് മണ്ഡലത്തില്‍ 22689 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചു.

ഇപ്പോള്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ ഡി എഫിന് ലഭിച്ച 92870 വോട്ട് എക്കാലത്തെയും മികച്ച വോട്ടാണ്. ഇത്തരം വസ്തുതകള്‍ മനസിലാക്കാതെയാണ് ചിലരൊക്കെ നുണപ്രചരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത്. മാധ്യമങ്ങളാവട്ടെ, കിട്ടിയ അവസരം മുതലാക്കി മാര്‍ക്‌സിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുകയുമാണ്.


Full View




Tags:    
News Summary - MV Govindan Master blames Election Commission over LDF lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.