സ്വപ്നക്കെതിരെ എം.വി. ഗോവിന്ദൻ കോടതിയിലെത്തി പരാതി നൽകും

തളിപ്പറമ്പ്: സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഹാജരാവുക. നേരത്തെ ഇതേ പ്രശ്നത്തിൽ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലെടുത്ത കേസിൽ തളിപ്പറമ്പ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആർ ഹൈകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദൻ കോടതിയിൽ നേരിട്ട് ഹാജരായി പരാതി നൽകുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ താൻ ഉന്നയിച്ച കാര്യങ്ങളിൽനിന്ന് പിന്മാറാൻ എം.വി. ഗോവിന്ദൻ കടമ്പേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന സുരേഷ് സമൂഹമാധ്യമം വഴി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന എം.വി. ഗോവിന്ദൻ നേരിട്ട് കോടതിയിൽ ഹാജരായി പരാതി നൽകുന്നത്. തനിക്ക് ഇക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ലെന്നും നിയമത്തിന്റെ വഴിയിൽ ഏതറ്റം വരെയും പോകുമെന്നും ആരോപണമുയർന്നപ്പോൾതന്നെ എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് കോടതിയെ സമീപിക്കുന്നത്. ക്രിമിനൽ കേസിനു പുറമെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ ഉടൻതന്നെ നഷ്ടപരിഹാരക്കേസും എം.വി. ഗോവിന്ദൻ ഫയൽ ചെയ്യും.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും മറ്റ് മന്ത്രിമാർക്കും എതിരെ നിരവധി ആരോപണങ്ങൾ വിവിധ ഘട്ടത്തിൽ സ്വപ്ന സുരേഷ് ഉയർത്തിയിരുന്നെങ്കിലും ഇതുവരെ ആരും പരാതി നൽകിയിരുന്നില്ല. ആദ്യമായാണ് സ്വപ്നക്കെതിരെ പ്രമുഖ നേതാവ് തന്നെ കേസ് ഫയൽ ചെയ്യുന്നത്.

Tags:    
News Summary - MV Govindan complaint against swapana suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.