തിരുവനന്തപുരം: മെക് സെവൻ വ്യായാമക്കൂട്ടായ്മക്കെതിരായ പരാമർശങ്ങളിൽ കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ തള്ളി സി.പി.എം. മോഹനൻ നിലപാട് തിരുത്തിയിട്ടുണ്ടെങ്കിലും ആദ്യ പരാമർശങ്ങളിൽ അവധാനതക്കുറവുണ്ടായെന്നും ഉദ്ദേശിക്കാത്ത നിലയിലേക്ക് വിഷയം വഴിമാറിയെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. വർഗീയ, തീവ്രവാദ ശക്തികൾ ഏതെല്ലാം മേഖലയിൽ എങ്ങനെ ഇടപെടുന്നുവെന്നതിലെ നിരീക്ഷണമാണ് വേണ്ടത്.
മെക് സെവൻ വർഗീയ പ്രചാരണത്തിനുള്ള ഉപകരണമായി പ്രവർത്തിക്കുന്നുവെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നായിരുന്നു വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള കൂട്ടായ്മകളെല്ലാം വർഗീയവാദ പ്രവർത്തനമാണെന്ന് പറയാൻ കഴിയില്ല. ആലോചനയില്ലാതെ ഒരു നേതാവ് ഇങ്ങനെ പറയുന്നത് ശരിയാണോയെന്ന ചോദ്യത്തിന് വിഷയത്തിലെ പാർട്ടി നിലപാടാണ് താൻ വ്യക്തമാക്കിയതെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ തീവ്രവാദശക്തികൾ നുഴഞ്ഞുകയറിയെന്നായിരുന്നു പി. മോഹനന്റെ പരാമർശം. വിഷയം വിവാദമായതോടെ പറഞ്ഞത് തിരുത്തിയും മലക്കംമറിഞ്ഞും മോഹനൻ രംഗത്തെത്തി. വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും മെക് സെവനെതിരെ സി.പി.എം വിമർശനം ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം. ജില്ല സെക്രട്ടറിയെ തള്ളി മുൻ മന്ത്രി അഹമദ് ദേവർകോവിലും രംഗത്തെത്തിയിരുന്നു.
ഏതെങ്കിലും വിഭാഗത്തിന്റെ പ്രവർത്തനങ്ങളോ വ്യായാമ-കായിക പരിശീലനങ്ങളോ വർഗീയമാണെന്ന നിലപാട് സി.പി.എമ്മിനില്ല. സി.പി.എം നിലപാടായിരുന്നെങ്കിൽ അതെങ്കിൽ (പി. മോഹനൻ പറഞ്ഞതെങ്കിൽ) പിൻവലിക്കുമായിരുന്നില്ല. ഇതുസംബന്ധിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാൻ എല്ലാവർക്കും സാധിക്കണം. താൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് മോഹനൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം കൂട്ടായ്മക്കകത്ത് ആളുകൾ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.