തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തിട്ടില്ല. അതു സത്യമാണ്. വീഴ്ച വന്നത് കൊണ്ടാണ് പരിശോധിച്ചതെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.എം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ഒപ്പിടുന്നതിനു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതി ദാരിദ്ര്യമുക്ത സംസ്ഥാനം എന്നത് കേരള വികസനത്തിലെ പുതിയ അധ്യായമാണ്. ഇതാണ് കേരള ബദല്‍ എന്ന് ആത്മവിശ്വാസത്തോടെ തന്നെ എൽ.ഡി.എഫ് പറയുന്നു. ഈ ബദലാണ് കേരളത്തെ ഈ നിലയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചില വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപനത്തെ വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് കേരളത്തെ മാറ്റാന്‍ കഴിഞ്ഞത്. ചിലര്‍ കരുതുന്നത് ഇന്നലെയാണ് അത് ചെയ്തതെന്നാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്. പ്രതിപക്ഷ നേതാവും ചില വിദഗ്ധരും വിചാരിക്കുന്നത് ഇന്നലെ സാധിച്ചു എന്നാണ്. ഇ.എം.എസിന്റെ കാലം മുതല്‍ നടന്ന ഫലപ്രദമായ ഇടപെടലിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. നാലര വർഷമായി പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയപ്പോഴൊന്നും ആരും ഒന്നും പറഞ്ഞില്ല. ലോക ശ്രദ്ധ ആകർഷിക്കുന്ന നിലയിൽ വന്നപ്പോഴാണ് വി.ഡി സതീശനും സംഘവും തട്ടിപ്പെന്ന് പറയുന്നത്. ലീഗും കോൺഗ്രസും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്ന് പറയട്ടെ. പ്രതിപക്ഷ നേതാവ് ആളുകളെ വിഡ്ഢികളാക്കുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനായി സി.പി.എം എല്ലാ രീതിയിലും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മഹാഭൂരിപക്ഷം വരുന്ന തദ്ദേശസ്ഥാപനങ്ങളിലും വിജയിക്കുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.