'പാർട്ടിക്ക് പറയാൻ ഉള്ളത് പാർട്ടി സെക്രട്ടറി പറയും'; സജി ചെറിയാന്‍റെ വാക്കുകൾ വിവാദമാക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബിഷപ്പുമാ‍ർക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയിൽ സി.പി.എം നേതൃത്വത്തിനുള്ള അതൃപ്തി സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസ്താവന പാർട്ടി നിലപാടല്ലെന്ന സൂചനയാണ് എം.വി. ഗോവിന്ദൻ നൽകിയത്. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ശരിയായ വിമർശനങ്ങൾ ഉൾക്കൊള്ളും. സജി ചെറിയാന്‍റെ പ്രസ്താവനയിലെ പ്രയോഗങ്ങൾ പർവതീകരിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്‍റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു. പാർട്ടി നിലപാട് പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഓരോരുത്തർ പ്രസംഗിക്കുമ്പോൾ പറയുന്ന പ്രയോഗങ്ങളുണ്ട്. അത് പർവതീകരിച്ച് ചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. നാക്കുപിഴ എന്ന് പറയാൻ സാധിക്കില്ല. വിശേഷണങ്ങളാണ്. മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുമുന്നണി തന്നെ പറയും. ബിഷപ്പുമാരുൾപ്പെടെ ആർക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ പദം ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താം -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ്​ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമര്‍ശനം​ ഉന്നയിച്ചത്. ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്ന്​ അദ്ദേഹം വിമർശിച്ചിരുന്നു. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു. പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. 

Tags:    
News Summary - MV Govindan about minister saji cheriyas statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.