‘കാര്‍ വാഹിനി’ തീരമണഞ്ഞു

കൊച്ചി: 345 കാറുകളുമായി ‘കാര്‍ വാഹിനി’ തീരമണഞ്ഞു. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കാര്‍ നിര്‍മാണ കേന്ദ്രങ്ങളെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന എം.വി ഡ്രെസ്ഡെന്‍ എന്ന കപ്പലാണ് നൂറുകണക്കിന് കാറുകളുമായി ആദ്യമായി കൊച്ചിയിലത്തെിയത്. കപ്പലിനെ വരവേല്‍ക്കാന്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും തുറമുഖത്ത് എത്തിയിരുന്നു.

തമിഴ്നാട്ടില്‍നിന്നുള്ള റിനോള്‍ട്ട്, ഫോര്‍ഡ്, ഹ്യുണ്ടായി, ടോയോട്ട, ഗുജറാത്തില്‍നിന്നുള്ള ഹോണ്ട, ഫോര്‍ഡ്, ടാറ്റ എന്നിങ്ങനെ വിവിധ നിര്‍മാതാക്കളുടെ കാറുകളുമായാണ് കപ്പല്‍ കൊച്ചിയിലത്തെിയത്. കാര്‍ ഓടിച്ച് കയറ്റാനും ഇറക്കാനും കഴിയുന്ന റോ-റോ സംവിധാനമുള്ളതാണ് കപ്പല്‍. കപ്പലില്‍നിന്ന് കരക്കിറക്കിയ കാറുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡീലര്‍മാര്‍ ഏറ്റെടുക്കുംവരെ കൊച്ചി തുറമുഖത്തെ ക്യൂ-7 ബെര്‍ത്തില്‍ സൂക്ഷിക്കും.

കേരളത്തില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം മുതല്‍ 1,80,000 കാറുകള്‍വരെ വില്‍ക്കുന്നുണ്ട് എന്നാണ് കണക്ക്. നിലവില്‍ വന്‍ കാര്‍കാരിയര്‍ കണ്ടയ്നറുകള്‍ വഴിയാണ് കേരളത്തിലെ ഡീലര്‍മാരുടെ ഷോറൂമുകളിലേക്ക് കാറുകള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍ കൊണ്ടുവരുന്നത് കുറക്കുന്നതിനായി 1000 കാറുകള്‍ വീതം വഹിക്കുന്ന 50 കപ്പല്‍ സര്‍വിസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. 

‘കാര്‍ വാഹിനി’യുടെ ഓരോ സന്ദര്‍ശനത്തിലും കൊച്ചി തുറമുഖത്തിന് പത്ത് ലക്ഷം രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കുന്നതിനായി നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയില്‍ കാറുകളെയും വഹിച്ച് എത്തിയ എം.വി ഡ്രെസ്ഡന്‍ സൈപ്രസ് രജിസ്ട്രേഷനുള്ള കപ്പലാണ്.  വിദേശ കപ്പലായതിനാല്‍ ആഭ്യന്തര തുറമുഖങ്ങളെ ബന്ധിപ്പിച്ച് സര്‍വിസ് നടത്തുന്നതിന് പ്രത്യേക അനുമതി നേടിയിട്ടുണ്ട്.

 

Tags:    
News Summary - mv dressdon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.