മൂവാറ്റുപുഴ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസ് ഡയറക്ടർക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആഗസ്റ്റ് 20നകം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചത്. ഗണേഷ് കുമാർ മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്ന പരാതിയിലാണ് കോടതി ഇടപെടൽ. എറണാകുളം കടവന്ത്ര സ്വദേശിയും പൊതുപ്രവർത്തകനുമായ ചെഷയർ ടാർസനാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.
കേരഫെഡിന്റെ വെളിച്ചെണ്ണ ദുബൈയിലേക്ക് കയറ്റുമതി ചെയ്യാനും മിൽമ ഉൽപന്നങ്ങൾ ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വിപണനം നടത്താനുമുള്ള കരാറുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ നൽകിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മത്സര ടെൻഡറുകളോ താൽപര്യപത്രമോ ക്ഷണിക്കാതെയാണ് കരാറുകൾ മുൻമന്ത്രിയുടെ ഭാര്യയുടെ സ്ഥാപനത്തിന് കൈമാറിയത്. 10 ലക്ഷം രൂപക്ക് മുകളിലുള്ള കരാറുകൾക്ക് തുറന്ന ടെൻഡർ നടപടികൾ വേണമെന്ന കേരള ഫിനാൻഷ്യൽ കോഡിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് സാമ്പത്തിക ലാഭവും കമീഷനും ഉറപ്പാക്കുന്ന രീതിയിലാണ് കരാറുകൾ ഉണ്ടാക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.
വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ അനുസരിച്ച് 2025 ജനുവരി മുതൽ മാർച്ച് വരെ ഏകദേശം ആറു ടൺ വെളിച്ചെണ്ണയും 2025 നവംബറിൽ 20 ടൺ വെളിച്ചെണ്ണയും ഇത്തരത്തിൽ ദുബൈയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. നേരത്തേ ഇതേ വിഷയത്തിൽ പരാതിക്കാരൻ വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഹരജി ആഗസ്റ്റ് 20ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.