‘എന്റെ പിള്ളയെ ഞാൻ കൊന്നു കുഞ്ഞമ്മേ എന്ന് ക്രിസ്റ്റി പറഞ്ഞു’; ഒന്നര വയസ്സുകാരിയുടെ അരുംകൊലയിൽ ഞെട്ടൽമാറാതെ നാട്ടുകാർ
തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരി ഇവാനയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ ബന്ധുക്കൾ. സംഭവസമയത്ത് കുഞ്ഞിന്റെ പിതാവ് അഭിജിത്തിന്റെ മാതൃസഹോദരി വീട്ടിലുണ്ടായിരുന്നു.
കരച്ചിൽ കേട്ട് ക്രിസ്റ്റിയുടെ മുറിയിലെത്തിയ ഇവർ കുഞ്ഞ് അസ്വാഭാവിക നിലയിൽ കിടക്കുന്നതാണ് കണ്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘എന്റെ പിള്ളയെ ഞാൻ കൊന്നു കുഞ്ഞമ്മേ..’ എന്ന് ക്രിസ്റ്റി അലറി വിളിച്ചതായി മാതൃസഹോദരി പറഞ്ഞു. ‘കുഞ്ഞിനെ എനിക്ക് തന്നുകൂടായിരുന്നോ... ഞാൻ നോക്കുമായിരുന്നല്ലോ.. എന്തിനാ കൊന്നുകളഞ്ഞത്....’ എന്ന് അലറിവിളിച്ച് കരയുകയാണ് ഇവർ.
മലയിന്‍കീഴ് വിളവൂർക്കൽ ഗവ. ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽവീട്ടിൽ ക്രിസ്റ്റിയാണ് മകൾ ഇവാന (അന്ന)യെ കൊലപ്പെടുത്തിയത്. കേസിൽ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പൊലീസ് കസ്റ്റഡിയിൽ എടുത്ത ക്രിസ്റ്റിയെ വിഷം കഴിച്ചെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ പദ്ധതിയിട്ടതായി ക്രിസ്റ്റി പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. ഇത് പൊലീസ് അന്വേഷിച്ചു വരികയാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്നാണ് സൂചന. ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്‍റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.
മെഡിക്കൽ റപ്രസന്റേറ്റിവാണ് അഭിജിത്ത്. രണ്ടുവർഷം മുമ്പാണ് കുന്നുകുഴി സ്വദേശിയായ ക്രിസ്റ്റിയെ വിവാഹം കഴിച്ചത്. മാസങ്ങൾക്കുമുമ്പാണ് ഇവാനയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നഗമനം. ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ ഇന്നലെയും വഴക്ക് നടന്നെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.