എ.കെ. ആന്‍റണി, കെ. മുരളീധരൻ
തിരുവനന്തപുരം: മുത്തങ്ങയിൽ കുടിൽകെട്ടിയ ആദിവാസികളെ ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി സ്വീകരിച്ച പൊലീസ് നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുത്തങ്ങയിൽ ആന്‍റണിയും പൊലീസും സ്വീകരിച്ചത് യു.ഡി.എഫ് നിലപാടെന്ന് മുരളീധരൻ പറഞ്ഞു.
സായുധകലാപത്തിന്‍റെ രീതിയിലുള്ള ആക്രമണമാണ് കുടിൽകെട്ടിയവരിൽ നിന്നുണ്ടായത്. അതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. ആ തീരുമാനമാണ് പൊലീസ് നടപ്പാക്കിയത്. സംയമനത്തോടെയാണ് ആന്‍റണി വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുത്തങ്ങയിലും ശിവഗിരിയും യു.ഡി.എഫ് നിലപാടാണ് ആന്‍റണി നടപ്പാക്കിയത്. ആയുധങ്ങൾ നഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, പഴകി തുരുമ്പിച്ച ആയുധമെടുത്ത് പ്രയോഗിക്കുന്നു. അത് പിണറായിയുടെ ശൈലിയാണ്. ആ ശൈലിയെ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും ജനം നോക്കുന്നത് ഇന്നത്തെ അവസ്ഥയാണെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താൻ മൂന്നുതവണ കേന്ദ്രത്തിന്‍റെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എ.കെ. ആന്‍റണി പറഞ്ഞത്. യു.ഡി.എഫ് ഭരണത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപണമുന്നയിച്ചതോടെയാണ് ആന്റണി വാർത്തസമ്മേളനം നടത്തി പ്രതികരിച്ചത്.
മുത്തങ്ങയിൽ കുടിൽ കെട്ടിയവരെ ഇറക്കിവിടാനാണ് രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ആദ്യം പറഞ്ഞത്. മുത്തങ്ങയിൽ ആദിവാസിയും പൊലീസുകാരനും മരിച്ചു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞാൻ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നിട്ടും ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് കേട്ടത്. മണ്ണെണ്ണയും പഞ്ചസാരയും ഇട്ട് കത്തിച്ചെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
തന്‍റെ ഭരണകാലത്തെ പൊലീസ് അതിക്രമത്തിലൊന്നും താൻ സന്തുഷ്ടനല്ല. ആളുകളുടെ ചോര കണ്ടാൽ തനിക്ക് സന്തോഷം വരില്ല. മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും മുത്തങ്ങ പൊലീസ് നടപടിയിലെ സി.ബി.ഐ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
2004ൽ കേരള രാഷ്ട്രീയം വിട്ട് താൻ ഡൽഹിയിലേക്ക് പോയതോടെ ഇക്കാര്യങ്ങളിൽ സത്യം പറയാൻ ആളില്ലാതായി. മരിച്ചില്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അപ്രിയ സത്യങ്ങളടക്കം തുറന്നുപറയുമെന്നും എ.കെ. ആന്‍റണി കൂട്ടിച്ചേർത്തു.
അതേസമയം, ആന്‍റണി സർക്കാറിന്‍റെ കാലത്ത് മുത്തങ്ങയിൽ നടത്തിയ പൊലീസ് നടപടിയെ കുറിച്ച് രൂക്ഷ വിമർശനമാണ് ആദിവാസി നേതാവ് സി.കെ. ജാനു നടത്തിയത്. മുത്തങ്ങ സംഭവത്തിൽ എത്ര കാലം കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്ന് സി.കെ. ജാനു പറഞ്ഞു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയിൽ തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ട്. മുത്തങ്ങയിൽ സമരം ചെയ്യാൻ പോയ മുഴുവൻ ആദിവാസികൾക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരമെന്നും സി.കെ. ജാനു വ്യക്തമാക്കി.
മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ല. ആദിവാസികൾക്ക് ഭൂമി നൽകുകയാണ് ഏക പ്രശ്നപരിഹാരമെന്നും സി.കെ. ജാനു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.