മുത്തങ്ങ സമരഭൂമിയിൽ നിന്ന് (ഫയൽചിത്രം)

മുത്തങ്ങ കേസിൽ 23 വർഷങ്ങൾക്ക് ശേഷം വിധി പറയുന്നു

 

കല്‍പ്പറ്റ: വയനാട് മുത്തങ്ങയിൽ ആദിവാസി പ്രക്ഷോഭത്തിനിടെ, കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി വെള്ളിയാഴ്ച. 2003 ഫെബ്രുവരി 19ന് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നടന്ന പൊലീസ് ഒഴിപ്പിക്കല്‍ നടപടിക്കിടെയുണ്ടായ സംഘർഷത്തിലാണ് വിനോദ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ആദിവാസിയായ ജോഗിയും മരിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റ സംഭവത്തിൽ 23 വർഷത്തിനു ശേഷം, നീണ്ട വിചാരണ പൂർത്തിയാക്കിയാണ് അന്തിമവിധി വരുന്നത്. വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അയൂബ് ഖാനാണ് വിധി പ്രസ്താവിക്കുക.

പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സി.കെ. ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സി.ബി.ഐയുടെ കേസ്.

എന്നാല്‍, സംഭവത്തിന്റെ നിര്‍ണായക ഭാഗം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടര്‍ച്ചയായ വെടിവെപ്പും ഗ്രനേഡ് സ്‌ഫോടനങ്ങൾ മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് വാദിക്കുന്നു.

കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്. 

വിനോദ് വധക്കേസില്‍ വിധി വരുമ്പോഴും, മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്. മരണത്തില്‍ ക്രിമിനല്‍ കേസോ അന്വേഷണോ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി ഗോത്ര മഹാസഭ നേതാവ് സി.കെ. ജാനു പറയുന്നു. സംഭവത്തിന് പിന്നാലെ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പിന്നീട് ഹൈകോടതിയെ സമീപിച്ചെങ്കിലും അന്വേഷണം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി.

മുത്തങ്ങ സമരം

ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകണമെന്ന ആവശ്യവുമായാണ് 2002 ഡിസംബറിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ സമരം ആരംഭിച്ചത്. മുത്തങ്ങ പൊൻകുഴി മേഖലയിലായി 825 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 4200 ഓളംപേർ കുടിൽകെട്ടി വനത്തിൽ കുടിയേറി. ഇവരെ ഒഴിപ്പിക്കാൻ വനം വകുപ്പ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

പിന്നീട്, ആദിവാസികൾ താമിച്ചുവന്ന മേഖലയിൽ വൻ തീപിടിത്തമുണ്ടാവുകയും ഇത് ആദിവാസികൾ ചെയ്തതാണെന്ന് വനം വകുപ്പും വകുപ്പാണ് പിന്നിലെന്ന് ആദിവാസികളും ആരോപിച്ചു. ഇതോടെ കുടിയേറി താമസിക്കുന്ന ആദിവാസികളെ ഒഴിവാക്കുന്നതിനെപ്പറ്റി സർക്കാർതലത്തിൽ നീക്കം തുടങ്ങി. ഒടുവിൽ, ഫെബ്രുവരി 17ന് ആദിവാസികൾക്ക് വനം വകുപ്പ് അന്ത്യശാസനം നൽകി. 18ന് ഇറങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ച് ഇറക്കുമെന്നായിരുന്നു അത്. ഇത് ആദിവാസികൾ തള്ളി.

പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് 19ന് രാവിലെ എട്ടിന് വനംവകുപ്പ്,​ പൊലീസ് സേനകൾ വനത്തിൽ പ്രവേശിച്ചു. ആദിവാസികളുടെ കുടിലുകൾ പൊളിച്ച് നീക്കി. ഗോത്രമഹാസഭ പ്രവർത്തകർ അമ്പും വില്ലുമുപയോഗിച്ച് പൊലീസിനെ പ്രതിരോധിച്ചു. ഉച്ചയോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള വിനോദ് എന്ന പൊലീസുകാരനെ ഗോത്രമഹാസഭ പ്രവർത്തകർ പിടികൂടി ബന്ധിയാക്കി.

പൊലീസുകാരനെ വിട്ടയക്കണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വെട്ടേറ്റ്,​ രക്തം വാർന്നുകൊണ്ടിരുന്ന പൊലീസുകാരനെ രക്ഷിക്കാൻ ബലപ്രയോഗത്തിലൂടെയല്ലാതെ സാധ്യമല്ലെന്ന് മനസ്സിലാക്കിയാണ് പൊലീസ് കുടിൽ വളഞ്ഞത്. തുടർന്നുണ്ടായ ഏറ്റുമുട്ടൽ വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. 

Tags:    
News Summary - മുത്തങ്ങ കേസിൽ വിധി നാളെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.