എ. ഹിദുർ മുഹമ്മദ്
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എ. ഹിദുർ മുഹമ്മദ് അന്തരിച്ചു
കടയ്ക്കൽ: കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ ചിതറ മുള്ളിക്കാട് കുറക്കോട് പ്രിയദർശിനിയിൽ എ. ഹിദുർമുഹമ്മദ് (74) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് 3.30നായിരുന്നു അന്ത്യം.
കടയ്ക്കൽ കാട്ടുവിളയിൽ കുടുംബാംഗമാണ്. കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച രാത്രി 10ഓടെ കടയ്ക്കലിൽ എത്തിച്ച മൃതദേഹം പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊതുദർശനത്തിന് വെച്ച ശേഷം ചിതറയിലെ വസതിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച ഉച്ചക്ക് 12ന് കടയ്ക്കൽ പള്ളിമുക്ക് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കടയ്ക്കൽ ഗവ. ഹൈസ്കൂളിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റും സ്കൂൾ ചെയർമാനുമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് നിലമേൽ എൻ.എസ്.എസ് കോളജിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായി. തുടർന്ന് കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
കടയ്ക്കൽ പഞ്ചായത്ത് അംഗമായി പ്രാദേശിക ഭരണരംഗത്ത് എത്തിയ അദ്ദേഹം പിന്നീട് പ്രവർത്തനം തിരുവനന്തപുരത്തേക്ക് മാറ്റി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, കെ.പി.സി.സി ജനറൽ സെക്രട്ടറി, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1991ൽ ചടയമംഗലത്തുനിന്നും 2001ൽ പുനലൂരിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. മുഹ്‌സിന, സമീർ മുഹമ്മദ്. മരുമക്കൾ: സജി, അൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.