അപകീർത്തി പരാമർശം; എളമരം കരീമിന് ‘മാധ്യമ’ത്തിന്റെ വക്കീൽ നോട്ടീസ്
കോഴിക്കോട്: ‘മാധ്യമം’ പത്രത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് വക്കീൽ നോട്ടീസ്. സെപ്റ്റംബർ മൂന്നിന് കോഴിക്കോട് സംയുക്ത ട്രേഡ് യൂണിയൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും തുടർന്ന് മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങളിലുമാണ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് മാനേജ്‌മെന്റിന് വേണ്ടി സി.ഇ.ഒ പി.എം സാലിഹ് അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്.
‘മാധ്യമം’ മാനേജ്മെന്റ് ജീവനക്കാരിൽ ചിലരെ പ്രത്യേകമായി തെരഞ്ഞ് പിടിച്ച് പുറത്താക്കുകയാണെന്നും വിവേചനപരമായ സമീപനം സ്വീകരിക്കുകയാണെന്നും സംഘടനാപരമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നും അടക്കമുള്ള കരീമിന്റെ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് നോട്ടീസിൽ പറയുന്നു.
ഇതിനു പുറമെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ അഴിമതി, ഭൂമി വാങ്ങൽ, കമ്മീഷൻ കൈപ്പറ്റൽ, സ്ഥാപനത്തിന്റെ പണം ദുരുപയോഗം ചെയ്യുകയോ വകമാറ്റുകയോ ചെയ്തതടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന ഗുരുതര ആരോപണവും പ്രസ്താവനകളിലൂടെ ഉന്നയിച്ചതായി നോട്ടീസിൽ പറയുന്നു.
ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റായതും ദുരുദ്ദേശ്യപരവുമാണെന്നു ‘മാധ്യമം’ മാനേജ്മെന്റിന് വേണ്ടി അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കി. സ്ഥാപനത്തിന്റെ സത്യസന്ധത, സാമ്പത്തിക സുതാര്യത, മാനേജ്മെന്റിന്റെ വിശ്വാസ്യത എന്നിവയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഗുരുതരമായ അപകീർത്തിക്ക് ഇടയാക്കിയെന്നും നോട്ടീസിൽ പറയുന്നു.
പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ പ്രസ്താവന മാധ്യമ റിപ്പോർട്ടുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വീഡിയോകൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇത് സ്ഥാപനത്തിന്റെ പ്രശസ്തിക്കും സൽപേരിനും ജീവനക്കാരുമായുള്ള സൗഹൃദപരമായ തൊഴിൽബന്ധങ്ങൾക്കും ദോഷകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെന്നും ‘മാധ്യമം’ ചൂണ്ടിക്കാട്ടി.
പ്രസ്താവനകൾ പിൻവലിച്ച് നിരുപാധികമായി ഖേദപ്രകടനം നടത്തണമെന്നും, ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. കൂടാതെ, സ്ഥാപനത്തിന്റെ പ്രശസ്തിക്കും സൽപേരിനുമുണ്ടായ നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം ആവശ്യമായ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വ. അമീൻ ഹസൻ മുഖേന അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.