‘ഞങ്ങൾ തെറ്റ് ചെയ്തിട്ട് മാറ്റിയതല്ല, സ്വയം മാറാൻ തയ്യാറായതാണ്’; ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: തെറ്റുതിരുത്തലിന്റെ ഭാഗമായിട്ടല്ല തന്നെയും തോമസ് ഐസക്കിനെയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റിയതെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. തങ്ങളുടെ അനുമതിയോടു കൂടിയാണ് മാറ്റിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്നതിനെകുറിച്ച് പാർട്ടിയിലും മുന്നണിയിലും ഒരു ചർച്ചയും നടന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് വൈകാതെ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഭാവി കടമകൾ നിറവേറ്റി മുന്നോട്ടു പോകാൻ ഞങ്ങൾക്ക് കഴിയണമെങ്കിൽ പുതിയ ചില കേഡർമാർ കൂടി ചുമതലകൾ ഏൽക്കണം. നമുക്ക് അടിയന്തരമായി മൂന്ന് പുതിയ കേഡർമാർ എങ്കിലും ചുമതല ഏറ്റെടുക്കാൻ ഉണ്ടാകണമെന്ന് പാർട്ടി ആലോചിച്ചു. ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും ഞാനും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗങ്ങളാണ്. പുതിയ ആളുകളെ കൊണ്ടുവരുന്നതിനു വേണ്ടി ഞങ്ങൾ മാറാമെന്ന് ഞങ്ങൾ പറഞ്ഞു. അത് ഞങ്ങൾ ഞങ്ങൾ കൂടി അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ്. ചുമതലകൾക്കും ജോലിക്കും ഒന്നും ഒരു കുറവൊന്നുമില്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ചേരുന്നതാണ് സംസ്ഥാന സെന്റർ.

തെറ്റ് ചെയ്തിട്ട് മാറ്റിയതല്ല എന്നുള്ളത് ഉറപ്പാണ്. തെറ്റ് ചെയ്തിട്ട് മാറ്റിയതല്ല, ഞങ്ങൾ തന്നെ മാറാൻ തയ്യാറായതാണ്. വേക്കൻസി ഉണ്ടാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. അപ്പോൾ ഞങ്ങൾ അത്തരം ഒരു സമീപനം എടുത്തു. പാർട്ടി അത് അംഗീകരിച്ചു.

എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റുന്ന ആലോചന പാർട്ടിയിലും നടന്നിട്ടില്ല എൽഡിഎഫിലും ഇല്ല. അത് അനാവശ്യമായ പ്രചരണമാണ്. എനിക്കെതിരെ നേരത്തെ ഇങ്ങനെ ഒരു പ്രചരണം വന്നിരുന്നു. ഞാൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുകയാണ്, പകരം വേറെയാൾ കൺവീനർ ആവാൻ പോവുകയാണ് എന്നൊക്കെയുള്ള പ്രചരണം. അത് വസ്തുതാവിരുദ്ധമാണ്. പാർട്ടി തീരുമാനിച്ചിട്ടാണ് ഞാൻ എൽഡിഎഫ് കൺവീനർ ആയത്.

പാർട്ടി മറിച്ചൊരു തീരുമാനം എടുത്തിട്ടില്ല. ഞാൻ തന്നെയാണ് ചുമതലയിൽ തുടരുന്നത്. തുടർന്ന് അങ്ങോട്ടും ആ ഉത്തരവാദിത്വം നിറവേറ്റി തന്നെ മുന്നോട്ടു പോകും.

പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണം എന്ന് അവർ ആവശ്യപ്പെട്ടു. ആവശ്യം വന്ന നിലക്ക് ഞങ്ങൾ പരസ്പരം ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും. അതിന് കഴിയുന്നത്ര വേഗത്തിൽ പരിഹാരമുണ്ടാകും’ -ടി.പി. രാമകൃഷ്ണണൻ പറഞ്ഞു. 

Tags:    
News Summary - Secretariat removal of Thomas Isaac and me not course correction -T.P. Ramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.