മാരി (വലത്) കല്പറ്റയില് കോടതി പരിസരത്ത്. സി.കെ. ജാനു സമീപം
കല്പറ്റ: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതി മാനസികാരോഗ്യ കുറവുള്ള ആദിവാസി വയോധികയെ കോടതിയില്‍ ഹാജരാക്കിയ പൊലീസിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും നടപടി വിവാദത്തില്‍. ചീരാല്‍ മുരിക്കിലാടി ഊരാളി കോളനിയിലെ പരേതനായ കാളന്റെ ഭാര്യ മാരിയെ കേസ് വിചാരണക്കായി ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതാണ് വിവാദമായത്. നടപടി അധാര്‍മികവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മുത്തങ്ങ സമരനായിക സി.കെ. ജാനു, ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന് എന്നിവര്‍ ആരോപിച്ചു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസിലെ പ്രതിയാണ് മാരി. മുത്തങ്ങ വനത്തില്‍നിന്ന് കുടിയിറക്കിയ മാരിയും ഭര്‍ത്താവും രണ്ടു കുട്ടികളും ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ചിരുന്നു. ജയില്‍ മോചിതനായതിനു പിറകെ കാളന് മരിച്ചു. ഇതിനുശേഷമാണ് മാരിയുടെ മനോനില തെറ്റിയത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസ് ആവശ്യത്തിന് 2016ല്‍ സി.ബി.ഐ നിര്‍ദേശിച്ചതനുസരിച്ച് പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത മാരിയെ മാനസികാസ്വാസ്ഥ്യം കാട്ടിയതോടെ ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷവും മാരിക്ക് വൈദ്യസഹായം ലഭ്യമാക്കാനോ മനോവൈകല്യമുണ്ടെന്നു കോടതിയെ അറിയിക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. വാറന്റ് ഉള്ളതിനാലാണ് കോടതിയിലെത്തിച്ചത്. ഇതിനുപകരം വൈദ്യസഹായം നല്‍കുകയും ഇതുസംബന്ധിച്ച രേഖ കോടതിയില്‍ ഹാജരാക്കുകയും ചെയ്താല്‍ മതിയാകുമായിരുന്നുവെന്ന് ഗീതാനന്ദന് പറഞ്ഞു. മാരിയെ ചികിത്സക്ക് വിധേയയാക്കാന്‍ നിര്‍ദേശിക്കുന്നതിനുപകരം സ്വന്തം ജാമ്യത്തില്‍ വിട്ട കോടതി നടപടിയിൽ അനൗചിത്യമുണ്ടെന്നും ഗീതാനന്ദന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.