പി.എം.എ സലാം വാർത്താ സമ്മേളനത്തിന് എത്തുന്നു
കോഴിക്കോട്: മുസ്ലിം ലീഗിൽ അച്ചടക്കം പ്രധാനമാണെന്നും പാർട്ടി നിലപാടിന് വിരുദ്ധമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പറയുന്നതിന് വിലക്കുണ്ടെന്നും സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. ചെറുതുരുത്തിയിൽ നടന്ന പാർട്ടി എക്സി. ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിലപാടിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസംഗങ്ങളും പ്രതികരണങ്ങളും സമൂഹ മാധ്യമ ഇടപെടലുകളും പാടില്ലെന്നാണ് സാദിഖലി തങ്ങളുടെ കർശന നിർദേശം. പാർട്ടി അധ്യക്ഷന്റെ അനുമതിയില്ലാതെ ലീഗ്നയങ്ങളുമായി യോജിക്കാത്ത അഭിപ്രായം ഭാരവാഹികളടക്കം ആരും പറയാൻ പാടില്ല. ആഭ്യന്തരകാര്യങ്ങൾ പാർട്ടിയിൽ പറയാനുള്ള അവസരമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.ഡി.എഫ് അടിത്തറ കൂടുതൽ ശക്തിപ്പെടുത്തണമെന്നും വിപുലപ്പെടുത്തണമെന്നുള്ള പൊതുവികാരമാണ് ക്യാമ്പിലുണ്ടായത്. മുന്നണിയോട് ആശയപരമായി യോജിപ്പുള്ളവരെ അടുപ്പിക്കണം. ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്തെന്നു കരുതി ലീഗിന്റെയോ യു.ഡി.എഫിന്റെയോ അടിത്തറ ദുർബലപ്പെടുമെന്ന് കരുതുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വാളയാറിനപ്പുറം കോൺഗ്രസും സി.പി.എമ്മും ലീഗുമെല്ലാം ഒന്നിച്ചാണ്. പൊതുകാര്യങ്ങളിൽ ആത്മാർഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കും. സി.പി.എം സെമിനാറിൽ ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണമുണ്ടായാൽ അതിന്റെ സംഘാടനം എങ്ങനെയാണെന്ന് വിലയിരുത്തി പങ്കെടുക്കുന്നത് ആലോചിക്കും.
പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും മലബാറിൽ സീറ്റില്ലാത്ത അവസ്ഥയാണ്. വിദ്യാഭ്യാസമന്ത്രി നിരുത്തരവാദ നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുപ്പതിനായിരത്തിലധികം കുട്ടികൾ പുറത്തുനിൽക്കുന്ന ഗുരുതര സാഹചര്യം ആശങ്കയുളവാക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 10ന് വിദ്യാഭ്യാസ ഉപജില്ല ഓഫിസുകൾക്കു മുന്നിൽ ഉപരോധ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.