രാജ്യസഭാ സീറ്റ്: കോൺഗ്രസിലെ വിമർശകർക്കെതിരെ മുസ് ലിം ലീഗ്  

കോഴിക്കോട്: രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയ കോൺഗ്രസ് നേതാക്കളുടെ തീരുമാനത്തെ വിമർശിക്കുന്നവർക്കെതിരെ മുസ് ലിം ലീഗ്. രാജ്യസഭാ സീറ്റിന്‍റെ പേരിൽ നേതൃത്വത്തെ വിമർശിക്കുന്നവർ വരും കാലത്ത് തിരുത്തേണ്ടി വരുമെന്ന് 'അടിത്തറ വികസിപ്പിച്ച് ഐക്യമുന്നണി' എന്ന തലക്കെട്ടിൽ ലീഗ് മുഖപത്രം ചന്ദ്രികയിൽ എഴുതിയ  മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഇരുപാർട്ടികളുടെയും സമുന്നത നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ മുന്നിൽ കണ്ടുകൊണ്ട് സ്വീകരിച്ച സമീപനം മുന്നണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. കെ.എം. മാണി മുന്നണിയുടെ ഭാഗമായതോടെ മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധിവരെ തടയാനാവും. എന്നാൽ, ഇക്കാര്യത്തിൽ ചില കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങൾ അസ്ഥാനത്താണെന്ന് മാത്രമല്ല ജനാധിപത്യ വിശ്വാസികളിൽ ആശങ്ക ഉളവാക്കുന്നതുമാണ്. 

ഒഴിവു വന്ന രാജ്യസഭാ സീറ്റ് വിട്ടുനൽകിയതിന്‍റെ പേരിൽ നേതൃത്വത്തെ ക്രൂശിക്കുന്നവർ വരും കാലത്ത് തിരുത്തേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികളുടെ രാജ്യസഭാ സീറ്റ് പലപ്പോഴായി ത്യാഗം ചെയ്തത് വിമർശകർ സൗകര്യപൂർവം വിസ്മരിക്കുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കൊല്ലം ലോക്സഭാ സീറ്റ് ആർ.എസ്.പിക്ക് നൽകിയതും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രായശ്ചിത്തമെന്നോണം എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയതും വിമർശകർ ഒാർത്തെടുക്കേണ്ടതാണ്. അന്നൊന്നും ഇല്ലാത്ത രീതിയിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ ജനാധിപത്യ കേരളത്തെ ഏറെ വേദനിപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുഖപ്രസംഗം പറയുന്നു. 

Tags:    
News Summary - Muslim league React to Rajya Sabha Seat Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.