നാടിന് നര വീഴുന്നു: ആശങ്കയായി ‘ആശ്രിത’രുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വാർധക്യ ആശ്രിതാനുപാതം (ഒ.എ.ഡി.ആർ) വർധിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ജനസംഖ്യയിൽ 20 മുതൽ 64 വയസുവരെയുള്ള, തൊഴിലെടുക്കാൻ ശേഷിയുള്ള 100 പേർക്ക് ആനുപാതികമായി 65 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ എത്രയുണ്ട് എന്നതിനെയാണ് വാർധക്യ ആശ്രിതാനുപാതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ജനസംഖ്യയുടെ പ്രായഘടനയിൽ ഉണ്ടാകുന്ന മാറ്റം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണിത്. സംസ്ഥാനത്ത് 2011ലെ സെൻസസ് പ്രകാരം 19.6 ശതമാനമായിരുന്ന ഈ അനുപാതം 2021ൽ 26.1 ആയാണ് കുതിച്ചത്. 2031 ആകുമ്പോഴേക്കും ഇത് 34.3 ശതമാനമായി ഉയരുമെന്നാണ് പ്രവചനം. ദേശീയ തലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിന്‍റെ സാഹചര്യം ഗുരുതരമാണെന്ന് വ്യക്തമാകുന്നത്.

2011ൽ 14.2ശതമാനം ആയിരുന്നു ദേശീയ തലത്തിലെ വാർധക്യ ആശ്രിതാനുപാതം. 2021ൽ ഇത് 15.7 ശതമാനം ആയി. 2030 ആകുമ്പോഴേക്കും 20 ശതമാനമാകുമെന്നാണ് കണക്ക്. ദേശീയ തലത്തിൽ 2030 ആകുമ്പോഴുള്ള അനുപാതത്തിലേക്ക് 2011ൽ തന്നെ കേരളമെത്തി. സംസ്ഥാനത്ത് വർധിച്ചുവരുന്ന വയോജനങ്ങളുടെ ജനസംഖ്യ വെല്ലുവിളികൾ കാര്യക്ഷമമായി നേരിടുന്നതിന് സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വൃദ്ധസദനങ്ങളിൽ അന്തേവാസികൾ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം വർഷം തോറും വർധിക്കുന്നുവെന്ന് കണക്കുകൾ. സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങൾക്ക് പുറമേ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത ഏകദേശം 680 വൃദ്ധസദനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 

വർഷം,  അന്തേവാസികളുടെ എണ്ണം

2016- 17 19149

2017 -18 27272

2018- 19 28029

2019- 20 28021

2020- 21 28788

2021- 22 30105

2022- 23 25945

2023 -24 32032

2024- 25 37895

Tags:    
News Summary - Economic Review Report says old age dependency ratio is increasing in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.