കോഴിക്കോട്: തൊഴിൽനിയമങ്ങൾക്ക് പകരം കൊണ്ടുവന്ന നാല് ലേബർ കോഡുകൾ ഭരണഘടനവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകനും എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡന്റും ട്രേഡ് യൂനിയനിസ്റ്റുമായ തമ്പാൻ തോമസ്. തൊഴിലാളികൾ പതിറ്റാണ്ടുകളായി നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് ലേബർ കോഡുകളെന്നും കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പഴയ നിയമങ്ങൾ പലതും ഇല്ലാതാക്കിയും പുതിയ ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയും രൂപപ്പെടുത്തിയ ലേബർ കോഡുകൾ വഴി തൊഴിലിനെ കൺകറന്റ് പട്ടികയിൽനിന്ന് യൂനിയൻ പട്ടികയിലേക്ക് മാറ്റി. തൊഴിലെടുക്കാനുള്ള അവകാശം നേരത്തേ മൗലികാവകാശമായിരുന്നുവെങ്കിൽ ഇപ്പോൾ അങ്ങനെയല്ലാതാക്കി. തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും വിലപേശൽ ശേഷിയെയും ദുർബലമാക്കുന്നതാണ് പുതിയ കോഡുകൾ.
ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ യോജിപ്പിനപ്പുറം തൊഴിലാളി സംഘടനകളുടെ വിശാലമായ ഐക്യനിരയും രൂപപ്പെട്ടാൽ മാത്രമേ ഇതിനെ ചെറുക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.