മലപ്പുറം: തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് പുതിയ കാര്യമല്ലെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ് മുസ്ലിംലീഗ് ഇത് വ്യാപകമായി നടപ്പാക്കിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ വള്ളിക്കുന്ന് എം.എൽ.എയായിരുന്ന കെ.എൻ.എ. ഖാദറും തിരുവമ്പാടിയുടെ പ്രതിനിധി സി. മോയിൻകുട്ടിയും പട്ടികയിലുണ്ടായിരുന്നില്ല. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദിനാണ് വള്ളിക്കുന്ന് സീറ്റ് നൽകിയത്. പകരം ഖാദറിനെ ജനറൽ സെക്രട്ടറി സ്ഥാനം ഏൽപ്പിച്ചു.
കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖിന് കൊടുവള്ളിയിൽ അവസരം ലഭിച്ചപ്പോൾ ഇദ്ദേഹം വഹിച്ച പാർട്ടി പദവി മോയിൻകുട്ടിക്കും നൽകി. 2016ൽ സീറ്റ് പ്രതീക്ഷിച്ചവരിൽ ഒരാളായിരുന്നു യു.എ. ലത്തീഫ്. ഇദ്ദേഹത്തിന് സംസ്ഥാന സെക്രട്ടറി സ്ഥാനം നൽകിയാണ് അന്ന് സാന്ത്വനിപ്പിച്ചത്.
ഇക്കുറി ഖാദറിന് സീറ്റ് കിട്ടിയപ്പോൾ സ്ഥാനാർഥി സാധ്യതകളിൽ സജീവമായിരുന്ന ലത്തീഫിനെ ജില്ല ജനറൽ സെക്രട്ടറിയുടെ കൂടി ചുമതല ഏൽപ്പിച്ചിരിക്കുകയാണ്. പാർട്ടി തീരുമാനം അംഗീകരിക്കുന്നതായും വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ലത്തീഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.