(ഫയൽ ചിത്രം)

‘സമസ്ത’ വിവാദം ബാധിച്ചില്ലെന്ന് ലീഗ് വിലയിരുത്തൽ

മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിൽ സമസ്ത-ലീഗ് തർക്കം വോട്ടിങ്ങിനെ കാര്യമായി ബാധിച്ചില്ലെന്ന് വിലയിരുത്തൽ. ഇരു മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ കുറവുണ്ടെങ്കിലും അത് സമസ്ത ഫാക്ടർ കാരണമല്ലെന്നാണ് പ്രാഥമികമായി പാർട്ടിതലങ്ങളിലെ വിലയിരുത്തൽ. സമസ്ത-ലീഗ് തർക്കം വോട്ടാക്കിമാറ്റാൻ സാധിച്ചില്ലെന്ന് ഇടതുപക്ഷവും സൂചന നൽകുന്നു.

2019നെ അപേക്ഷിച്ച് മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ 2.59 ശതമാനവും പൊന്നാനിയിൽ 5.77 ശതമാനവും പോളിങ് കുറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് 72.9 ശതമാനവും പൊന്നാനിയിൽ 69.21 ശതമാനവുമാണ് ഇത്തവണത്തെ പോളിങ്. പോളിങ്ങിലെ കുറവ് തങ്ങളെ ബാധിച്ചില്ലെന്നാണ് ഇരു മുന്നണികളും അവകാശപ്പെടുന്നത്. എന്നാൽ, നേരിയ തോതിലെങ്കിലും സമസ്ത വിഷയം യു.ഡി.എഫിനെ ബാധിച്ചെന്നാണ് പൊതു വിലയിരുത്തൽ.

ലീഗ് കേഡർ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയായതിനാലും ഭൂരിപക്ഷം സമസ്ത പ്രവർത്തകരും ലീഗ് അനുഭാവമുള്ളവരായതിനാലും ഇടതുപക്ഷത്തിന് മുതലെടുപ്പ് നടത്താനായില്ലെന്നാണ് സൂചന. സമസ്തക്ക് കീഴിലുള്ള പത്രത്തിൽ ഇടതു സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് വന്ന പരസ്യം സംഘടനക്കകത്ത് മുറുമുറുപ്പുണ്ടാക്കിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കോൺഗ്രസിന്റെ പരസ്യവും വന്നതോടെ നേതൃത്വത്തിന് അണികളെ യാഥാർഥ്യം ബോധ്യപ്പെടുത്താനായി.

സി.എ.എ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് ശക്തമായി പ്രചരിപ്പിക്കാൻ ഇടതുപക്ഷം ശ്രമിച്ചു. ലീഗിന്റെ പതാക വയനാട്ടിൽ രാഹുലിന്റെ റോഡ് ഷോയിൽ ഉപയോഗിക്കാനായില്ലെന്ന വിഷയവും ചർച്ചയാക്കി. എന്നാൽ, ഇതൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്. അതേസമയം, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിൽ സമസ്ത-ലീഗ് പോര് തുടരുകയാണ്.

Tags:    
News Summary - Muslim League assesses not affected by 'Samasta' controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.