ചങ്ങനാശ്ശേരി: പൊലീസ് സ്റ്റേഷനുസമീപത്തെ കടത്തിണ്ണയില്‍ വികലാംഗനായ വയോധികനെ തലക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഗോപിയാണ് (കണിയാന് ഗോപി, 65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നത്: തലയുടെ ഒരു ഭാഗം ഹോളോബ്രിക്സുകൊണ്ട് ഇടിച്ചുതകര്‍ത്തനിലയിലാണ്. പുലര്‍ച്ച നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് 20 മീറ്റര്‍ മാത്രം അകലമുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
സ്റ്റേഷന് അടുത്തുള്ള കുരിശടിയോടുചേര്ന്ന കടത്തിണ്ണയില്‍ കിടന്ന മൃതദേഹത്തിെൻറ സമീപത്തുനിന്ന് ഹോളോബ്രിക്സും ഒഴിഞ്ഞ മദ്യക്കുപ്പിയും കൊതുകുതിരിയും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. തലയില്‍നിന്ന് രക്തം വാര്ന്നൊഴുകിയനിലയിലാണ്. ഒരു കാല് ഇല്ലാത്ത ഗോപി വാക്കറിെൻറ സഹായത്തോടെയാണ് നടന്നത്.
വാക്കറും മൃതദേഹത്തിെൻറ സമീപമുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോളോബ്രിക്സില്‍ മണംപിടിച്ച പൊലീസ് നായ് ജില് പൊലീസ് സ്റ്റേഷനുസമീപെത്ത മറ്റം കാക്കാംതോട് ഭാഗത്തുകൂടെ പോയി വട്ടപ്പള്ളി എസ്.ബി.ടിക്ക് സമീപമുള്ള കടയുടെ അടുത്ത ഹോളോബ്രിക്സുകളുടെ അടുത്തെത്തി. ഫോറന്‍സിക് പരിശോധനക്കുശേഷം 12.30ഒാടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ നഗരത്തില്‍ അലഞ്ഞുതിരിയുന്ന മറ്റം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണ്. കൊലപാതകം ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും മനോവിഭ്രാന്തി കാണിക്കുന്ന ഇയാള്‍ കൊലപാതക കാരണം എന്തെന്ന് വ്യക്തമാക്കിയില്ലെന്നും വിശദ ചോദ്യംചെയ്യല്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്. ശ്രീകുമാര്‍, വാകത്താനം സി.ഐ സന്തോഷ്, ചങ്ങനാശ്ശേരി എസ്.ഐ ഷമീര്‍ഖാന്‍, ചിങ്ങവനം എസ്.ഐ അനൂപ് സി. നായര്‍, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ് തുടങ്ങിയവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.