ബന്ധുനിയമനം: വിജിലന്‍സ് സംഘം വി. മുരളീധരന്‍െറ മൊഴിയെടുത്തു

തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസില്‍ വിജിലന്‍സ് സംഘം ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍െറ മൊഴിയെടുത്തു. തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഒത്താശയോടെയാണ് നിയമനങ്ങള്‍ നടന്നതെന്നും ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ പരാതിക്കാരില്‍ ഒരാളാണ് മുരളീധരന്‍. ഇ.പി. ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യം കത്തില്‍ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പുതിയ പരാതി നല്‍കുന്ന കാര്യം  പിന്നീട് തീരുമാനിക്കുമെന്ന് മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ച വിജിലന്‍സിന് മൊഴി നല്‍കാനത്തെിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക പരാതി നല്‍കിയിരുന്നു. പരാതി പ്രത്യേകം പരിശോധിച്ച് വരികയാണെന്ന് അന്വേഷണസംഘം പറയുന്നു.

വരുംദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയാറെടുപ്പിലാണ് വിജിലന്‍സ് സംഘം. അതേസമയം, റിയാബില്‍നിന്നും വ്യവസായവകുപ്പില്‍നിന്നുമുള്ള സുപ്രധാനരേഖകള്‍ പലതും ലഭ്യമാകാനുണ്ട്.

ഇവ ലഭ്യമായാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് ചുമതല.

Tags:    
News Summary - Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.