മൂന്നാറില്‍ ടാറ്റയുടെ ആധാരം വ്യാജം; തെളിവുകള്‍ നിരത്തി രാജമാണിക്യം റിപ്പോര്‍ട്ട് 

കൊല്ലം: മൂന്നാര്‍ പട്ടണം അടക്കം ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതിന് ടാറ്റ കാട്ടുന്ന ആധാരം വ്യാജം. ഇതുസംബന്ധിച്ച തെളിവുകള്‍ അക്കമിട്ട് നിരത്തി റവന്യൂ സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്‍െറ റിപ്പോര്‍ട്ട്. ഭൂമിയുടെ മുന്‍ ഉടമകളായിരുന്ന ബ്രിട്ടീഷ് കമ്പനി 1976ല്‍ മൂന്നാര്‍ പട്ടണം അടക്കം ഭൂമി തങ്ങള്‍ക്ക് കൈമാറിയെന്നാണ് ടാറ്റ പറയുന്നത്. 1976ല്‍ ഇന്ത്യയില്‍ ഭൂമി വില്‍പന നടത്താന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് അവകാശമില്ലായിരുന്നു. അതിനാല്‍ ടാറ്റയുടെ ആധാരത്തിന് നിയമ പ്രാബല്യമില്ളെന്നും ഭൂമി സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തോട്ടം മേഖലയില്‍ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ആധാരങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 

ബ്രിട്ടീഷ് കമ്പനി ആക്ട് പ്രകാരം സ്കോട്ട്ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി, ആംഗ്ളോ അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിങ് കമ്പനി, അമാല്‍ഗമേറ്റഡ് ടീ എസ്റ്റേറ്റ് കമ്പനി എന്നിവ സ്വതന്ത്ര ഇന്ത്യയില്‍ 1976വരെ മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, തൃശൂരിലെ മലക്കപ്പാറ എന്നിവിടങ്ങളില്‍ ഭൂമി കൈവശം വെച്ചിരുന്നു. അതിനുശേഷം മൂന്ന് ആധാരങ്ങള്‍ ചമച്ച് ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഫിന്‍ലേക്ക് ഭൂമി അടക്കം കമ്പനികളുടെ എല്ലാ അവകാശങ്ങളും കൈമാറി എന്നാണ് ടാറ്റയുടെ ആധാരങ്ങളില്‍ പറയുന്നത്. 

1976ല്‍ ചമച്ച ആധാരത്തില്‍ ടാറ്റ മൂന്നാര്‍ പട്ടണം അടക്കം സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതാണ് മൂന്നാര്‍ പട്ടണം തങ്ങളുടേതെന്ന ടാറ്റയുടെ അവകാശവാദത്തിന്‍െറ അടിസ്ഥാനം. നിയമസാധുതയില്ലാത്ത ഈ ആധാരത്തിന്‍െറ പിന്‍ബലത്തിലാണ് മൂന്നാര്‍ പട്ടണം ടാറ്റ അടക്കിവാഴുന്നത്.
രജിസ്ട്രേഷന്‍ ആക്ട്, കേരള സ്റ്റാമ്പ് ആക്ട്, 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), 1964ലെ കേരള ലാന്‍ഡ് റവന്യൂ ആക്ട് തുടങ്ങിയ കേന്ദ്ര സംസ്ഥാന നിയമങ്ങളൊന്നും പാലിച്ചല്ല ഈ ഭൂമി കൈമാറ്റം നടന്നതെന്നും തെളിയുന്നു. 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) സെക്ഷന്‍ 30(2), ഇന്ത്യന്‍ പൗരന്മാരല്ലാത്തവരും ഇന്ത്യന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കമ്പനികളും റിസര്‍വ് ബാങ്കിന്‍െറ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഭൂമി സ്വന്തമാക്കുന്നതും കൈവശം വെക്കുന്നതും മറ്റും വിലക്കുന്നു. ഇതിന്‍െറ നഗ്നമായ ലംഘനമാണ് വിദേശ കമ്പനികള്‍ ടാറ്റക്ക് ഭൂമി വിറ്റ നടപടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - munnar tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.