അബ്ദുൽ മാജിദ്, ഷംഷീർ
മഞ്ചേരി: നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (57) കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൗൺസിലറെ തലക്കടിച്ച് മാരകമായി പരിക്കേൽപിച്ച ഒന്നാംപ്രതി ശുഹൈബ് എന്ന കൊച്ചു ഒളിവിലാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
സംഭവശേഷം രക്ഷപ്പെട്ട മാജിദിനെ പാലക്കാട്ടുനിന്ന് തിരിച്ചുവരുമ്പോഴും ഷംഷീറിനെ പട്ടാമ്പി മുതുമലയിൽ പോയി തിരിച്ചുവരുന്നതിനിടെ പാണ്ടിക്കാട്ട് നിന്നുമാണ് പിടികൂടിയത്. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് കൗൺസിലറെ ആക്രമിക്കാനെത്തിയത്.
ഇതിൽ ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന രാത്രി 12.45 മുതൽ ഒന്നാം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇയാളെ തേടി പൊലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, പാലക്കാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പയ്യനാട് താമരശ്ശേരിയിലെ പ്രധാന റോഡിൽനിന്ന് മാറി ചെറുറോഡിൽ വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച് ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായത്. ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐക്ക് പുറമെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ സുലൈമാൻ, എം. ഗിരീഷ്, അനീഷ് ചാക്കോ, പി. മുഹമ്മദ് സലീം, ഐ.കെ. ദിനേഷ്, പി. ഹരിലാൽ ആർ. ഷഹേഷ്, തൗഫീഖ് മുബാറക്, കെ. സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ മരണത്തിലേക്ക് നയിച്ചത് കനമുള്ള ആയുധം കൊണ്ട് തലക്കേറ്റ അടിയാണെന്ന് പൊലീസ്. തലക്കടിച്ചയാളെ പിടികൂടാത്തതിനാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമായിട്ടില്ല. തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇടതുനെറ്റിയിലും മുറിവേറ്റിരുന്നു. കനമുള്ളതും മൂർച്ചയേറിയതുമായ കരിങ്കല്ല് ഉപയോഗിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
കൃത്യം കഴിഞ്ഞ് രാത്രി 12.30ഓടെ കൂടെയുള്ളവരോട് രക്ഷപ്പെടാൻ പറഞ്ഞാണ് ഒന്നാം പ്രതി ശുഹൈബ് എന്ന കൊച്ചു ഒളിവിൽ പോയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു.
സംഭവത്തിൽ രാഷ്ട്രീയവിരോധമോ വ്യക്തിവൈരാഗ്യമോ ഇല്ല. ആ സമയത്തുണ്ടായ നിസാരമായ തർക്കമാണ് അക്രമത്തിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു.
തലാപ്പിൽ അബ്ദുൽ ജലീലിന് (57) നാടിന്‍റെ യാത്രാമൊഴി. ജനകീയനായ ജനപ്രതിനിധിയുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ നാട് കണ്ണീരണിഞ്ഞു. നിസ്സാരമായ വാക്കുതർക്കത്തിന്‍റെ പേരിൽ കൗൺസിലറുടെ ജീവനെടുത്തതിന്‍റെ നടുക്കത്തിൽനിന്ന് പലരും മോചിതരായിട്ടില്ല. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഉച്ചക്ക് ഒന്നോടെ പൊതുദർശനത്തിനായി ടൗൺഹാളിൽ എത്തിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാക്കയെ കാണാൻ നിരവധി പേരാണ് എത്തിയത്. എം.എൽ.എമാരും മുസ്ലിം ലീഗ് നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് കിഴക്കേത്തലയിലെ സഹോദരൻ അബ്ദുല്ല ഹസന്‍റെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്കും വീട്ടുകാർക്കും അവസാനമായി കാണാൻ അവസരമൊരുക്കി. പിതാവിന്‍റെ ചേതനയറ്റ ശരീരം കണ്ടതോടെ മക്കളുടെ നിയന്ത്രണം വിട്ടു. കൂടെയുണ്ടായിരുന്നവർക്കും ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. വൈകീട്ട് മൂന്നോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, എ.പി. അനിൽകുമാർ, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹീം, പി.കെ. ബഷീർ, ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, മുൻ എം.എൽ.എ അഡ്വ. എം. ഉമ്മർ, ജില്ല പഞ്ചായത്ത് അംഗം എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയ നേതാക്കളും സഹ കൗൺസിലർമാരും നഗരസഭ ജീവനക്കാരും ആശുപത്രിയിലും ടൗൺഹാളിലുമെത്തി അന്ത്യാജ്ഞലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.