മുനമ്പത്ത് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍- വി.ഡി സതീശൻ

വടകര: മുനമ്പത്ത് തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പത്ത് മിനിട്ടു കൊണ്ട് പ്രശ്‌നം തീര്‍ക്കാം. എന്നാല്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്.

വിഷയം പരിഹരിക്കാതെ പരമാവധി വൈകിപ്പിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘ്പരിവാര്‍ അജണ്ട തന്നെയാണ് സി.പി.എമ്മും കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മുനമ്പം സംബന്ധിച്ച് പണക്കാട് സാദിഖലി ശിഹാബ് തങ്ങളും സയ്യിദ് ജിഫ്രി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചിരുന്ന് പത്ര സമ്മേളം നടത്തി പറഞ്ഞിട്ടുണ്ട്.

പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വിഷയം പരിഹരിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായ ഇടപെടലാണ് നടത്തിയത്. എറണാകുളത്ത് എത്തി ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചു. മുനമ്പത്തുള്ളവരെ ഒഴിപ്പിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്യുകയാണ്. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട കാര്യമാണ് സാദിഖലി തങ്ങള്‍ ചെയ്തത്.

മുനമ്പം വിഷയത്തിന്റെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കാതെ ശാശ്വതമായ പരിഹാരം ഉണ്ടാക്കണം. ഭിന്നിപ്പുണ്ടാക്കുന്ന ശക്തികളെ മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കരുത്. നിലവിലെ കോടതി വിധികള്‍ ഉള്‍പ്പെടെ പരിശോധിച്ച് മുനമ്പം വിഷയം സര്‍ക്കാരിന് പത്തു മിനിട്ടു കൊണ്ട് തീര്‍ക്കാമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. പക്ഷെ സര്‍ക്കാര്‍ അതിന് തയാറാകുന്നില്ല. ക്രൈസ്തവ സംഘടനകളും മുസ് ലിം സംഘടനകളും ജനങ്ങളെ ഒഴിപ്പിക്കരുതെന്ന നിലപാടിലാണ്. പക്ഷെ പ്രശ്‌നം സര്‍ക്കാരിന് മാത്രമാണ്. 

വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും കേരളത്തിന് നല്‍കിയിട്ടില്ല. പ്രതിപക്ഷവും സര്‍ക്കാരും ആവശ്യപ്പെടുകയും പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എം.പിമാര്‍ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രിയും കേന്ദ്ര സംഘവും വയനാട്ടില്‍ എത്തിയിട്ടും പണം മാത്രം കിട്ടിയില്ല. പ്രത്യേക സാമ്പത്തിക സഹായമാണ് നല്‍കേണ്ടത്.

എന്നാല്‍, അതു തരാതെ ഹെലികോപ്ടര്‍ കൊണ്ടു വന്നതിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാര്‍ ശരിയായ രീതിയല്ല. പ്രതിപക്ഷം അതിനെ ശക്തിയായി എതിര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കേരളത്തെ പരിഹസിക്കുകയാണ്. അര്‍ഹമായ പണം തരാതിരിക്കുകയും ഹെലികോപ്ടര്‍ ഇറക്കിയതിന് 136 കോടി ചോദിക്കുകയും ചെയ്യുന്നത് ശരിയായ കീഴ് വഴക്കമല്ല. വയനാട് പുനരധിവാസം സംസ്ഥാനത്തിന്റെ മാത്രമല്ല കേന്ദ്രത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.

ദുരന്തമുണ്ടായ മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പണം നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. കണക്ക് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കണക്ക് നല്‍കാതെ തന്നെ പല സംസ്ഥാനങ്ങള്‍ക്കും താല്‍ക്കാലികമായി പണം നല്‍കിയിട്ടുണ്ട്. അതുപോലും നല്‍കാന്‍ തയാറാകാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പരിഹസിക്കുകയാണ്.

പി.വി. അന്‍വറുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയതു സംബന്ധിച്ച് അറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഞാന്‍ എങ്ങനെ അഭിപ്രായം പറയും. കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല. മാധ്യങ്ങൾ ചോദിച്ച ലീഡിങ് ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. നിലവില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ഡല്‍ഹിയിലാണ്. അതുകൊണ്ട് തന്നെ പല കമ്മിറ്റികളും നടന്നിട്ടില്ല. കെ.പി.സി.സി അധ്യക്ഷന്‍ മടങ്ങി എത്തിയാല്‍ കമ്മിറ്റിയും കൂടിയാലോചനകളുമൊക്കെ നടക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Munambam: The state government should take measures - V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.