മുനമ്പത്ത് ജുഡീഷ്യൽ കമീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് സർക്കാറിനോട് ഹൈകോടതി

കൊച്ചി: സിവിൽ കോടതി തീർപ്പാക്കിയ ഭൂമിയടക്കം മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് സർക്കാറിനോട് ഹൈകോടതി.

കേന്ദ്രമാണോ സംസ്ഥാനമാണോ ജുഡീഷ്യൽ കമീഷനെ നിയമിക്കേണ്ടത്. വഖഫ് കേന്ദ്ര നിയമമായതിനാൽ അവിടെ കമീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടോ. കണ്ണിൽ പൊടിയിടാനാണോ ജുഡീഷ്യൽ കമീഷൻ നിയമനമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. തുടർന്ന് മുനമ്പം ഭൂമി സംബന്ധിച്ച് നിയമിച്ച ജുഡീഷ്യൽ കമീഷന്‍റെ അന്വേഷണ പരിധി അറിയിക്കാൻ നിർദേശിച്ച കോടതി ഇത് സംബന്ധിച്ച ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. മുനമ്പത്തെ ഭൂമി തർക്കം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷ്യൽ കമീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹരജി പരിഗണിക്കുന്നതിൽ നിന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് സി.എസ്. ഡയസ് പിൻമാറിയിരുന്നു. തുടർന്നാണ് ഹരജി വെള്ളിയാഴ്ച പുതിയ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയത്. മുനമ്പത്തെ 104 ഏക്കർ വഖഫ് ഭൂമിയാണെന്ന് നേരത്തെ കോടതി കണ്ടെത്തയതാണെന്ന് ഹരജി പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു. ഈ ഭൂമി കമീഷന്‍റെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ. ഇതുകൂടി ഉൾപ്പെടുത്തി വീണ്ടും കമീഷനെ നിയമിക്കാൻ എന്ത് അധികാരമാണ് സർക്കാറിനുള്ളത്. കമീഷൻ നിയമനം സർക്കാർ മനസിരുത്തിയെടുത്ത തീരുമാനമല്ല.

സിവിൽ കോടതി തീർപ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തിൽ കമീഷന് ഇടപെടാനാവില്ല. പിന്നെങ്ങനെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാൻ കമീഷന് സാധിക്കും. തീർപ്പാക്കിയ വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ച ഇത്തരം നടപടികൾ ദൂഷ്യഫലമാവും ഉണ്ടാക്കുകയെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ, ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയങ്ങൾ കമീഷന്‍റെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ അന്വേഷണ പരിധി സംബന്ധിച്ച് മറുപടി നൽകാൻ നിർദേശിച്ച കോടതി ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്.

Tags:    
News Summary - Munambam Land Dispute: Kerala High court questions commission's Power to examine court declarations on waqf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.