മുല്ലപ്പെരിയാർ: ആറു ഷട്ടർ 50 സെന്‍റീമീറ്ററായി ഉയർത്തി, സെക്കൻഡിൽ 3119 ഘനയടി വെള്ളം പുറത്തേക്ക്

കുമളി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ കൂടി അധികമായി ഉയർത്തി. ഉച്ചക്ക് ഒരു മണിക്കാണ് V7, V8, V9 ഷട്ടറുകൾ 30 സെന്‍റീമീറ്ററിൽ നിന്ന് 50 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. സെക്കൻഡിൽ 3119 ഘനയടി വെള്ളം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

രാവിലെ 10 മണിക്ക് മൂന്ന് സ്പിൽവേ ഷട്ടറുകൾ (V2,V3, V4) 50 സെന്‍റീമീറ്റർ വീതം ഉയർത്തി 2754 ഘനയടി വെള്ളം പുറത്തു വിട്ടിരുന്നു. ഇതുകൂടാതെയാണ് മൂന്ന് ഷട്ടറുകൾ കൂടി അധികമായി ഉയർത്തുന്നത്.

ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 138.20 അടിയാണ്. നിലവിൽ സെക്കൻഡിൽ 2428 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണൽ വഴി 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നു. വൃഷ്ടി പ്രദേശത്ത് നിന്ന് സെക്കൻഡിൽ 5126 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 10 സ്പീൽവേ ഷട്ടറുകൾ 30 സെന്‍റീമീറ്റർ (V1, V2, V3, V4, V5, V6,V7,V8, V9, V10) വീതം ഉയർത്തിയിരുന്നു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

രാവിലെ ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തിയിരുന്നു. രാവിലെ 10ന് ഡാമിന്റെ വി3 ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കൻഡിൽ 50 ഘനയടി (50,000 ലിറ്റർ) വെള്ളമാണ് ഒഴുക്കി വിടുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറന്നത്.

നിലവിൽ 2384.18 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Mullaperiyar: Six shutters raised to 50 cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.