കൊച്ചി: നാടിന്റെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടരെ വേട്ടയാടരുതെന്ന് മൂലംമ്പിള്ളി കോഡിനേഷൻ കമ്മിറ്റി. വല്ലാർപാടം ഐ.സി.ടി.ടി കണ്ടെയ്നർ റോഡ് നിർമ്മാണത്തിനുവേണ്ടി 2008-ൽ ചേരാനല്ലൂർ വില്ലേജിൽ ജോർജ്ജ് അംബാട്ടിന്റെ എട്ടര സെൻറ് സ്ഥലവും 650 ചതുരശ്ര അടി വിസ്തീർണവുമുള്ള വീടും സർക്കാർ ഏറ്റെടുത്തിരുന്നു. അവശേഷിച്ച തുണ്ടു ഭൂമിയിൽ വീടു വെയ്ക്കാൻ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് 2019 മെയ് 25ന് കെട്ടിട നിർമ്മാണ അനുമതി നൽകിയിരുന്നു.
അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ച് തറ പണി പൂർത്തിയാക്കി. എന്നാൽ കോവിഡ് മഹാമാരിയും ജോർജ്ജിന് അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയതിനാലും വീടു പണി പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കി കിട്ടുവാൻ അപേക്ഷ നൽകിയത് അനാവശ്യമായ കാരണങ്ങൾ പറഞ്ഞു ചേരാനല്ലൂർ പഞ്ചായത്ത് സെക്രട്ടറി നിരസിച്ചിരിക്കുകയാണ്.
പദ്ധതിക്കു വേണ്ടി മൂലംമ്പിള്ളിയിൽ 2008-ൽ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ചതിനെ തുടർന്ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന് ഒടുവിൽ അന്ന് മന്ത്രിയായിരുന്ന എസ്. ശർമ്മയുടെ അധ്യക്ഷതയിൽ കലക്ടർ ഡോ: എം.ബീനയും കമ്മിറ്റി നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് അവശേഷിച്ച തുണ്ടു ഭൂമികളിൽ കെട്ടിട നിർമ്മാണ ചട്ടങ്ങിൽ ഇളവു നൽകാൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പല ഇടങ്ങളിലും അവശേഷിച്ച തുണ്ടുഭൂമികളിൽ വീടുകൾ നിർമിച്ചിരുന്നു. എന്നാൽ നിർമ്മാണ അനുമതി നൽകിയതിനു ശേഷം വീടുപണി ആരംഭിച്ചതിനു ശേഷം അനുമതി നിഷേധിക്കുന്നത് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി വിട്ടുനൽകിയവരോട് കാണിക്കുന്ന ക്രൂരതയാണ്. പ്രശ്ന പരിഹാരത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മുടങ്ങിക്കിടക്കുന്ന പുനരധിവാസ മേൽനോട്ട സമിതി കലക്ടർ വിളിക്കണമെന്നും കോഡിനേഷൻ കമ്മിറ്റി ആവശ്യപെട്ടു.
ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഫ. കെ. അരവിന്ദാക്ഷൻ, അഡ്വ: സി.ആർ. നീലകണ്ഠൻ, വി.പി. വിൽസൻ, കെ. രജികുമാർ, മേജർ മൂസാക്കുട്ടി, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, സുരേഷ് മുളവുകാട്, മേരി ഫ്രാൻസീസ് മൂലംമ്പിള്ളി, മൈക്കിൾ കോതാട്, എൻ.കെ. സുരേഷ് ചേരാനല്ലൂർ, മാർട്ടിൻ വടുതല, ജസ്റ്റീൻ പി.എ, പി.എസ്. രാമകൃഷ്ണൻ മഞ്ഞുമ്മൽ, പി. ഉണ്ണികൃഷ്ണൻ ഏലൂർ, എൻ.കെ. സാബു ഇടപ്പിള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.