ഇടത്തോട്ടോ വലത്തോട്ടോ എന്നല്ല, സംഘ്പരിവാര്‍ പാളയത്തിലേക്കല്ല കേരളം എന്ന് ഉറപ്പ് വരുത്തലാണ് പ്രധാനം -പി. മുജീബ്​റഹ്​മാൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടത്തോ​േട്ടാ വലത്തോ​േട്ടാ എന്നതിനേക്കാൾ പ്രധാനം സംഘ്പരിവാര്‍ പാളയത്തിലേക്കല്ല എന്ന് ഉറപ്പ് വരുത്തലാണെന്ന്​ ജമാഅത്തെ ഇസ്​ലാമി കേരള അസിസ്റ്റന്‍റ്​ അമീർ പി.മുജീബ്​റഹ്​മാൻ. മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾ താൽകാലിക ലാഭത്തിന്​ വേണ്ടി സംഘ്​പരിവാറുമായി സഹകരിക്കുന്നത്​ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ കുറിപ്പിൽ വ്യക്​തമാക്കി. 

സംഘ്​പരിവാറുമായുള്ള സി.പി.എം ബാന്ധവം ഭരണത്തുടർച്ചയിലേക്കുള്ള വഴിയല്ലെന്നും അത്​ സംഘ്​ പാളയത്തിലേക്ക്​ കേരളത്തെ എത്തിക്കുകയാണ്​ ചെയ്യുക എന്നും അദ്ദേഹം ​ഫേസ്​ബുക്കിൽ കുറിച്ചു.

പി. മുജീബ്​റഹ്​മാന്‍റെ ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണരൂപം:

സംഘ് - സി.പി.എം ബാന്ധവം ഭരണത്തുടര്‍ച്ചയിലേക്കല്ല, സംഘ് പാളയത്തിലേക്കാണ് കേരളത്തെ നയിക്കുക
സംഘ് പരിവാറുമായുളള അവിഹിത വേഴ്ചയിലും രഹസ്യ ഇടപാടുകളിലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരുംതന്നെ ഒട്ടും പിന്നിലല്ല. ഇരു മുന്നണികളും ഇതില്‍ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്ന് അത് വളരെ വ്യക്തമാണ്.
സി.പി.എം -സംഘ്പരിവാര്‍ രഹസ്യബാന്ധവത്തെക്കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന ആധികാരിക വിവരങ്ങള്‍ കേവല അധികാര രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്‍റെ സൗഹൃദാന്തരീക്ഷത്തെ വരെ അപകടത്തിലേക്ക് നയിക്കുന്നതാണ്. റാന്നി, ചെങ്ങന്നൂര്‍, ആറന്‍മുള മണ്ഡലങ്ങളില്‍ ധാരണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആര്‍.എസ്.എസ്സുകാരനായ ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കറാണ്. 
തീവ്രഹിന്ദുത്വ വലതുപക്ഷവും ഇടതുപക്ഷവും കൈകോര്‍ത്തിരിക്കുന്നുവെന്നും കോണ്‍ഗ്രസ് മുക്ത കേരളമാണ് അവരുടെ ലക്ഷ്യമെന്നും ആര്‍.എസ്.എസ് സഹയാത്രികനായ രാഹുല്‍ ഈശ്വറും വെളിപ്പെടുത്തിയിരിക്കുന്നു. ഇത് ശരിവെക്കുന്നതാണ് പി.പി.മുകുന്ദന്‍, ഒ. രാജഗോപാല്‍ ഉള്‍പ്പടെയുള്ള സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകള്‍ ...
അതിന് കേരള സര്‍ക്കാര്‍ നല്‍കിയ 'ഉറപ്പാണ്', കഴിഞ്ഞ അഞ്ച് വര്‍ഷം പ്രമാദമായ കൊലക്കേസ് ഉള്‍പ്പടെ ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടത് സര്‍ക്കാര്‍ കാണിച്ച 'കരുതല്‍'. ഇതിന്‍റെയെല്ലാം 'തുടര്‍ച്ചയാണ്' ആര്‍.എസ്.എസ്സിനെ വെള്ളപൂശിയ ശ്രീ എമ്മിന് ശ്രീ പിണറായി മതേതര സന്യാസി പട്ടം നല്‍കുകയും തിരുവനന്തപുരം കോര്‍പറേഷനില്‍ നാല് ഏക്കര്‍ ഭൂമി ദാനം നല്‍കി ആദരിക്കുകയും ചെയ്തത്.
എന്ത് വില കൊടുത്തും അധികാരത്തുടര്‍ച്ച നിലനിര്‍ത്താന്‍ തീരുമാനിച്ച സി.പി.എം അതിന് വിലയിട്ടത് 'കേരളത്തെ' തന്നെയാണ്. ഇടപാട് നടത്തിയതാവട്ടെ സംഘ് പരിവാറിനോടും. ഇത് സി.പി.എമ്മിന്‍റെ ഭരണത്തുടര്‍ച്ചയല്ല, ആര്‍.എസ്.എസ്സിന്‍റെ അധികാരാരോഹണമാണ് ഉറപ്പ് വരുത്തുന്നത്.
സി.പി.എമ്മിനെ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷത പഠിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ശ്രീ പിണറായി  പ്രസ്താവിച്ചിരുന്നു.
ക്ഷമിക്കണം സഖാവേ ... ശരിയാണ് .... അങ്ങിനെ പഠിപ്പിച്ച് നേരെയാക്കാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങളെത്തിയെന്ന് ഇപ്പോഴാണ് മനസ്സിലായത്.
കേരളം ഇടത്തോട്ടോ വലത്തോട്ടോ എന്നതിനേക്കാള്‍ ഇപ്പോള്‍ പ്രധാനം, സംഘ്പരിവാര്‍ പാളയത്തിലേക്കല്ല എന്ന് ഉറപ്പ് വരുത്തലാണ്.

Full View


Tags:    
News Summary - mujibrahman's facebook post on election policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.