ജിഫ്രി തങ്ങൾ സി.​ഐ.സിയിൽ നിന്ന് രാജിവെച്ചു; രാജി സന്നദ്ധതയുമായി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ

മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി) സമിതികളിൽനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു. സമസ്തയു​ടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി നീക്കമെന്നറിയുന്നു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാറും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സി.ഐ.സി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സി.ഐ.സി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സി.ഐ.സിയിൽനിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്നാണ് രാജി അംഗീകരിച്ചത്. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറമാണ് പുതിയ ജനറൽ സെക്രട്ടറി.

ബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, ഹബീബുല്ല ഫൈസി

തൂത ദാറുൽ ഉലൂം ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളജ് (തൂത വാഫി കോളജ്) പ്രിൻസിപ്പലും സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‍ലിയാരുടെ മരുമകനുമാണ് ഹബീബുല്ല ഫൈസി. രാജി അംഗീകരിച്ചതും പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചതും സംബന്ധിച്ച് സമസ്ത നേതാക്കളുമായും സി.ഐ.സി ഭാരവാഹികളുമായും സംസാരിച്ചിരുന്നതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

ഹകീം ഫൈസി മാറിയ സാഹചര്യത്തിൽ സമസ്ത-സി.ഐ.സി തർക്കത്തിൽ മഞ്ഞുരുക്കമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഹകീം ഫൈസി ചുമതല വഹിക്കുന്ന സി.ഐ.സിയുമായി ബന്ധമില്ലെന്നായിരുന്നു സമസ്ത മുശാവറയുടെ നിലപാട്. ഇക്കാര്യം സി.ഐ.സി അംഗീകരിച്ച് സമസ്ത ജനറൽ സെക്രട്ടറിയുടെ മരുമകന് ചുമതല നൽകിയ സാഹചര്യത്തിൽ സമവായ സാധ്യതകൾ ഏറെയാണ്. എന്നാൽ, ജിഫ്രി തങ്ങളുടെയും ആലിക്കുട്ടി മുസ്ലിയാരുടെയും പുതിയ നീക്കം ഇതിനെ എങ്ങിനെ ബാധിക്കുമെന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവരുടെ ആശങ്ക.

പാണക്കാട് തങ്ങൾ കുടുംബവുമായും മുസ്‍ലിം ലീഗുമായും ചേർന്നുപോകുന്ന രീതിയോട് താൽപര്യമില്ലാത്ത സമസ്തയിലെ ‘ശജറ’ വിഭാഗത്തിന് സമവായത്തിൽ താൽപര്യമില്ല. ഹകീം ഫൈസിയുടേത് രാജി നാടകമാണെന്നും ഇതിനോട് സന്ധിയാകരുതെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ഇവർ നടത്തുന്ന പ്രചാരണം.

Tags:    
News Summary - Muhammad Jifri Muthukkoya Thangal resigns from CIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.