എം.ടെക് ജയിക്കാത്ത എസ്.എഫ്.ഐ നേതാവിന്റെ പിഎച്ച്.ഡി പ്രവേശനം റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു) സിൻഡിക്കേറ്റ് അംഗവും എസ്.എഫ്.ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്ക് എം.ടെക് പരീക്ഷ ജയിക്കാതെ ചട്ടവിരുദ്ധമായി പിഎച്ച്.ഡി പ്രവേശനം നൽകിയ തൃശൂർ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിന്റെ നടപടി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് റദ്ദാക്കി.

പിഎച്ച്.ഡി പ്രവേശനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡോക്ടറൽ കമ്മിറ്റി വിളിക്കാത്ത നടപടിക്കെതിരെ ആഷിഖ് ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ അന്തിമ തീരുമാനമെടുക്കാൻ വി.സിയെ കോടതി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ എം.ടെക് പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ അവസാന സെമസ്റ്റർ പൂർത്തിയാക്കിയെങ്കിലും മതിയായ ഹാജരില്ലാത്തതിനാൽ ജൂനിയർ ബാച്ചിനൊപ്പം ഒന്നാം സെമസ്റ്ററിൽ പഠനം തുടരുമ്പോഴാണ് ആഷിഖ് പിഎച്ച്.ഡി പ്രവേശനപരീക്ഷ എഴുതിയതും പ്രവേശനം നേടിയതും. സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. സജി ഗോപിനാഥാണ് നേതാവിന് പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ എഴുതാൻ താൽക്കാലിക അനുമതി നൽകിയത്.

ഒന്നാം സെമസ്റ്റർ ക്ലാസിൽ പഠനം തുടരുന്ന വിവരം മറച്ചുവെച്ച് സിൻഡിക്കേറ്റംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് പ്രവേശനപരീക്ഷ എഴുതാൻ അന്നത്തെ വി.സിയുടെ പ്രത്യേക അനുമതി നേടിയത്. എല്ലാ സെമസ്റ്ററും പാസായി അവസാന സെമസ്റ്റർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്കാണ് പിഎച്ച്.ഡി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാൻ അർഹത. ക്രമവിരുദ്ധമായി പിഎച്ച്.ഡി പ്രവേശനംനേടിയ ശേഷം സർവകലാശാല ഡോക്ടറൽ കമ്മിറ്റി കൂടുന്നതിനുമുമ്പ് മാർക്ക് ലിസ്റ്റുകൾ പരിശോധിച്ചപ്പോഴാണ് പ്രവേശനസമയത്തുപോലും എം.ടെക് ജയിച്ചില്ലെന്ന് റിസർച്ച് വിഭാഗം കണ്ടെത്തിയത്. ഇത് റിപ്പോർട്ട് ചെയ്ത റിസർച്ച് വിഭാഗം ജോയൻറ് ഡയറക്ടറെ ഭീഷണിപ്പെടുത്തിയതായി ആക്ഷേപമുയർന്നിരുന്നു.

പ്രവേശനപരീക്ഷ എഴുതിച്ചത് ചട്ടവിരുദ്ധമാണെന്ന രേഖകൾ വി.സിക്ക് കൈമാറിയിരുന്നു. പിന്നാലെ സി.പി.എം കേന്ദ്രങ്ങളുടെ ഇടപെടലിൽ ജോയൻറ് ഡയറക്ടറുടെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഐ.എച്ച്.ആർ.ഡി കോളജിലേക്ക് തിരിച്ചയച്ചു. പിഎച്ച്.ഡി പ്രവേശനം റദ്ദാക്കിയുള്ള ഉത്തരവ് തൃശൂർ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പലിന് കൈമാറി.

Tags:    
News Summary - M.Tech not passed; SFI leader's PhD admission cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.