കാലിക്കറ്റിൽ എം.എസ്.എഫ്, യൂത്ത്‌ ലീഗ് മാര്‍ച്ചില്‍ വ്യാപക അക്രമം

തേഞ്ഞിപ്പലം: സി.സോണ്‍ കലോത്സവത്തെ ചൊല്ലി കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ കാലിക്കറ്റ്​ സർവകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചിൽ​ വ്യാപക അക്രമം. സമരക്കാർ നടത്തിയ കല്ലേറിലും പൊലീസ് നടത്തിയ ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട്​ 22 പേരെ അറസ്​റ്റ്​ ചെയ്തു​.

കാലിക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സർവകലാശാല കവാടത്തിന് മുന്നില്‍ പൊലീസ്​ തടഞ്ഞതോടെയാണ്​ സംഘർഷം ഉടലെടുത്തത്​. പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന സി.സോണ്‍ പ്രവേശന ബോര്‍ഡുകളും എസ്.എഫ്.ഐ കൊടികളും സമരക്കാർ തകർക്കുകയും കത്തിക്കുകയും ചെയ്​തു. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.
ഇതിനിടെ, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലി​​െൻറ നേതൃത്വത്തില്‍ സമരക്കാരുമായി ചർച്ച നടത്തിയിരുന്നു.

ചര്‍ച്ച കഴിഞ്ഞെത്തിയ എം.എസ്.എഫ് നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനകവാടത്തിന് അരികിലെ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകര്‍ സെമിനാര്‍ കോംപ്ലക്‌സ് പരിസരത്തേക്ക് കടന്നതോടെ പൊലീസ്​ തടഞ്ഞു. കാമ്പസിനുള്ളിൽ തടിച്ചുകൂടിയ എസ്.എഫ്.ഐ പ്രവർത്തകരും സമരക്കാരും ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ പൊലീസ് ലാത്തിവീശുകയായിരുന്നു.

തുടര്‍ന്ന്, ദേശീയപാതയിലെത്തിയ പ്രവര്‍ത്തകര്‍ പൊലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിഞ്ഞു. യൂനിവേഴ്‌സിറ്റി ചെനക്കല്‍ റോഡിലെത്തിയ പ്രവര്‍ത്തകര്‍ ജനങ്ങളെ പോലും വകവെക്കാതെ പൊലീസിന് നേരെ കല്ലെറിയുകയുണ്ടായി. കല്ലേറില്‍ ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ വി.ആര്‍. രാഗേഷിന് പരിക്കേറ്റു. മനോരമ ന്യൂസി​​െൻറ വാഹനത്തിന്​ നേരെയും കല്ലെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പൊലീസ്​ സുരക്ഷയാണ് സർവകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞദിവസം അക്കാദമിക് യോഗം നടക്കുന്ന സെനറ്റ് ഹാളിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ എം.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. മാർച്ചിന്​ ആഹ്വാനം ചെയ്ത് യൂത്ത് ലീഗ് നേതാവ് വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ട ശബ്​ദസന്ദേശം കഴിഞ്ഞദിവസം ചോർന്നതിനാൽ സുരക്ഷക്രമീകരണത്തി​​െൻറ ഭാഗമായി വൻ പൊലീസ് സംഘം കാമ്പസിലുണ്ടായിരുന്നു.

Tags:    
News Summary - MSF March - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.