ശിഖണ്ഡി യുദ്ധം നയിക്കുന്നവർക്ക്​ എന്‍റെ പച്ചമാംസം കൊത്തി വലിക്കാം -'ഹരിത' പരാതിയിൽ പ്രതികരണവുമായി പി.കെ. നവാസ്​

കോഴിക്കോട്​: എം.എസ്.എഫ് വനിതാവിഭാഗമായ 'ഹരിത'യുടെ നേതാക്കളെ എം.എസ്​.എഫ്​ സംസ്ഥാന നേതാക്കൾ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ്​. കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നതെന്നും ​മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ ഉണ്ടായ തർക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നും നവാസ്​ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓർമ്മപെടുത്തുംവിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകർക്ക് തന്‍റെ പച്ചമാംസം കൊത്തിവലിക്കാൻ ഇനിയും നിന്നുതരാം. പക്ഷെ, ഒരു സമൂഹത്തിന്‍റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തിൽ നിങ്ങൾ നിൽക്കുമ്പോൾ താഴെ കെട്ടുറപ്പ് നൽകിയ ആ മണ്ണ് മുഴുവൻ ഒലിച്ചുപോകാതെ നോക്കണം. സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തിൽ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ് ഈ പാർട്ടി എനിക്ക് നൽകിയ രാഷ്ട്രീയ വിദ്യാഭ്യസം. അതിന് പാർട്ടിയിലെ സെലിബ്രിറ്റികളുടെ ആലയിൽ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല. എന്‍റെ ജീവിതപരിസരം ഒരു പുസ്‌തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാൻ ബാക്കിയെല്ലാം വിടുന്നു. ഈ വിഷയത്തിൽ സംഘടനാപരമായ തീരുമാനം മുസ്​ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും. പണി അറിയാത്തവർ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നൽകേണ്ടവർ സംഘടനയെയും, ആശയങ്ങളെയും പഴിച്ചാൽ അതിന്‍റെ പ്രത്യാഘാതം ചെറുതല്ല. സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവർക്ക് മുന്നിൽ നിവർന്ന് തന്നെ നിൽക്കും -നവാസ്​ പറഞ്ഞു.


ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:

ഹരിതയിലെ ചില സഹപ്രവർത്തകർ വനിത കമ്മീഷന് എന്നെ സംബന്ധിച്ച് പരാതി നൽകിയത് ശ്രദ്ധയിൽ പെട്ടു.

ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ ഉണ്ടായ തർക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണം എന്നാണ് മനസ്സിലാക്കുന്നത്.

കൂടുതലായി ഈ വിഷയങ്ങളെ പൊതുമധ്യത്തിൽ വിശദീകരിക്കാത്തത് പാർട്ടിയുടെ അച്ചടക്കങ്ങളെ ബഹുമാനിക്കുന്നത് കൊണ്ടാണ്.

ഈ കാണുന്നത് ഏതെങ്കിലും വികാരങ്ങളുടെ പുറത്ത് എടുത്ത് ചാടുന്ന ഒരുകൂട്ടമല്ല.

കൃത്യമായ അജണ്ടകളാണ് ഇത്തരം ആളുകളെ നയിക്കുന്നത്.

മഹാഭാരത ചരിത്രത്തിലെ കുരുക്ഷേത്ര യുദ്ധം ഓർമ്മപെടുത്തും വിധം ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകർക്ക് എന്‍റെ പച്ചമാംസം കൊത്തി വലിക്കാൻ ഇനിയും ഞാൻ നിന്നുതരാം. പക്ഷെ ഒരു സമൂഹത്തിന്‍റെ ജിഹ്വയായ മഹത്തായ ഈ പ്രതലത്തിൽ നിങ്ങൾ നിൽക്കുമ്പോൾ താഴെ കെട്ടുറപ്പ് നൽകിയ ആ മണ്ണ് മുഴുവൻ ഒലിച്ചുപോകാതെ നോക്കണം.

ഈ പാർട്ടി എനിക്ക് നൽകിയ രാഷ്ട്രീയ വിദ്യാഭ്യസം സ്ത്രീത്വത്തെ അപമാനിക്കലല്ല, സമൂഹത്തിൽ അവരുടെ ഇടത്തെ ബഹുമാനിക്കാനാണ്. അതിന് പാർട്ടിയിലെ സെലിബ്രിറ്റികളുടെ ആലയിൽ ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.

എന്‍റെ ജീവിതപരിസരം ഒരു പുസ്‌തകം കണക്കെ തുറന്നു വെച്ചതാണ്. അതറിയുന്നവരുടെ മനസ്സാക്ഷിക്ക് ഞാൻ ബാക്കിയെല്ലാം വിടുന്നു.

ഈ വിഷയത്തിൽ സംഘടനാപരമായ തീരുമാനം മുസ്​ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് കൈക്കൊള്ളും.

പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വെള്ളം ചേർത്ത് കള്ള വാർത്ത പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടന്നത് പരമമായ സത്യമാണ്. സമീപ സമയങ്ങളിലെ ഈ പാർട്ടിയുമായി ബന്ധപ്പെട്ട അസത്യ വാർത്തകൾ വായിക്കേണ്ടി വന്ന പ്രിയപ്പെട്ടവർക്ക് അതു മനസ്സിലാക്കാവുന്നതാണ്.

എനിക്ക് നേരെയുണ്ടായ വിഷയങ്ങളിൽ നിന്നും ഞാൻ മാറി നിന്നിട്ടില്ല. നേതൃത്വം വിളിച്ചു ചേർത്ത എല്ലാ യോഗങ്ങളിലും സംഘടന വിഷയങ്ങൾ ചൂണ്ടിക്കാട്ടിയതും പുള്ളിവിടാതെ നേതാക്കൾ ഇക്കാര്യങ്ങൾ ചർച്ചകൾക്ക് വിധേയമാക്കിയതുമാണ്.

കൃത്യമായി പാർട്ടിയുടെ അന്വേഷണത്തിലുള്ള ഈ വിഷയം തീരുമാനം വരുന്നതിന് മുമ്പേ പുതിയ നീക്കങ്ങൾ സംഭവിച്ചതിന്‍റെ അർത്ഥം ഇവരുടെ പ്രശ്നം നീതിയോ, പരിഹാരമോ, ആദർശമോ അല്ലാ എന്നതിന്‍റെ തെളിവാണ്.

ആദർശത്തെ മുൻ നിറുത്തിയ നിയോഗങ്ങളാണ് നയിക്കപ്പെടേണ്ട ഓരൊ മനുഷ്യന്‍റെയും അടിസ്ഥാനം.

ഹരിത ഈ കാലത്തിന്‍റെ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട msfന്‍റെ രാഷ്ട്രീയത്തിന് കരുത്ത് പകരേണ്ട വിഭാഗമാണ്. പണി അറിയാത്തവർ ആയുധത്തെ പഴിക്കുന്നത് പോലെ നേതൃത്വം നൽകേണ്ടവർ സംഘടനെയെയും, ആശയങ്ങളെയും പഴിച്ചാൽ അതിന്‍റെ പ്രത്യാഘാതം ചെറുതല്ല.

സഞ്ചി പിടുത്തക്കാരുടെ വഞ്ചി പിടിക്കുന്നവർക്ക് മുന്നിൽ നിവർന്ന് തന്നെ നിൽക്കും.

സത്യം കാലം തെളിയിക്കും.

Tags:    
News Summary - MSF Leader PK Navas responds to 'HARITHA' complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.