എം.ഫില്‍ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

കോട്ടയം: എം.ജി സര്‍വകലാശാല കാമ്പസില്‍ എം.ഫില്‍ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സിലെ ഗവേഷക വിദ്യാര്‍ഥി കാലടി സ്വദേശി വിവേക് കുമാരനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിവേക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തതായി ഗാന്ധിനഗര്‍ എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം രാത്രി 12ഓടെ സര്‍വകലാശാല കാമ്പസിലെ പല്ലന ഹോസ്റ്റലിലായിരുന്നു സംഭവമെന്ന് വിവേക് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച അംബേദ്കര്‍ സ്റ്റുഡന്‍സ് മൂവ്മെന്‍റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്.  കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിലെ തന്‍െറ മുറിയിലേക്ക് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് വിവേക് പറയുന്നു. കമ്പിവടി അടക്കം മാരകായുധങ്ങളുമായാണ് എത്തിയത്. എസ്.എഫ്.ഐക്കെതിരെ പ്രവര്‍ത്തിക്കുമോടായെന്ന് ആക്രോശിച്ച സംഘം കമ്പിവടി കൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

അരമണിക്കൂറോളം അഴിഞ്ഞാടിയ അക്രമികള്‍ മുറി തല്ലിത്തകര്‍ത്തു. ജാതീയത കലര്‍ന്ന അസഭ്യവാക്കുകള്‍ വിളിച്ച് അപമാനിക്കുകയും പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ബോധരഹിതനായ വിവേകിനെ സമീപത്തെ മുറിയിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Tags:    
News Summary - Mphil student attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.