ലൈഫ് ഉൾപ്പെടെ കർമപദ്ധതികൾ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ സർക്കാറിന്‍റെ വിവിധ കർമപദ്ധതികൾ ഉൾപ്പെടെ പ്രധാന വികസന പദ്ധതികൾക്ക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഏകോപിപ്പിക്കാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി മാർഗനിർദേശം. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന് കൃഷി അസിസ്റ്റന്‍റുമാരെ തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇടപെടൽ.

സർക്കാറിന്‍റെ വിവിധ കർമപദ്ധതികളും യജ്ഞങ്ങളും മറ്റ് പ്രധാന വികസന പദ്ധതികളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കർമപരിപാടികൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഏകോപിപ്പിച്ച് ഫീൽഡ്തല പ്രവർത്തനം നടത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. അതത് കർമപരിപാടികളുടെ മാർഗനിർദേശങ്ങളിൽതന്നെ പങ്കെടുക്കേണ്ട വകുപ്പുകളെക്കുറിച്ചും പ്രവർത്തനം നടക്കേണ്ട കാലയളവ് സംബന്ധിച്ചും ഉൾപ്പെടുത്തും. ചുമതലകൾ ഏറ്റെടുക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണവും തസ്തികയും സംബന്ധിച്ചും മാർഗനിർദേശം നൽകും. ഇതിന് അനുസൃതമായി ഏതൊക്കെ വകുപ്പുകളിൽ നിന്നെല്ലാം ഉദ്യോഗസ്ഥരെ വേണ്ടതെന്ന് ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കലക്ടർമാരാകും നിയമിക്കുക. ഈ നിർദേശങ്ങൾക്ക് അനുസരിച്ച് ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക പൂർത്തിയാക്കുന്നതിനും അതിദരിദ്രരെ നിർണയിക്കുന്ന പ്രക്രിയ പൂർത്തിയാക്കാനും സമയബന്ധിത നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

കൃഷി അസിസ്റ്റന്‍റുമാർക്ക് ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയാറാക്കാൻ തദ്ദേശവകുപ്പ് ചുമതല നൽകിയിരുന്നു. എന്നാൽ, മറ്റ് വകുപ്പുകളിലെ ജീവനക്കാരെ വിട്ടുകിട്ടാത്തതിനാൽ സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ ഗുണഭോക്തൃപട്ടിക തയാറാക്കാൻ കഴിയില്ലെന്ന് കലക്ടർമാരും ലൈഫ് മിഷനും റിപ്പോർട്ട് ചെയ്തിരുന്നു.

പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥർ വിവിധ പഞ്ചായത്തിന്‍റെ ഉദ്യോഗസ്ഥർ എന്നപോലെ സാധാരണ ചുമതലകൾക്ക് പുറമെ പഞ്ചായത്ത് ഏൽപ്പിച്ചു കൊടുക്കുന്ന ചുമതലകളും നിർവഹിക്കേണ്ടതാണെന്ന് കേരള പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Move to intensify various action plans of the government at the state level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.