കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെയും സീറോ മലബാർ സഭയുടെയും ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തിഡ്രൽ ബസിലിക്കയിൽ നാലു വർഷത്തോളമായി തുടർന്ന കുർബാന അർപ്പണത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം. ഇരു വിഭാഗങ്ങൾ തമ്മിൽ ധാണയായതിനെ തുടർന്ന് 1368 ദിവസമായി മുടങ്ങിയ കുർബാന ഞായറാഴ്ച രാവിലെ ആറിന് ബലി അർപ്പണത്തോടെ പുനഃരാരംഭിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയിൽ നിലവിൽ നടപ്പാക്കിയ സമവായത്തിൽ കുറച്ചു കാര്യങ്ങൾ കൂടി ചേർത്താണ് സെന്‍റ് മേരീസ് ബസിലിക്കയിൽ ഒത്തുതീർപ്പ് രൂപപ്പെടുത്തിയത്. മേജർ ആർച്ച് ബിഷപ്പിന്റെ വികാരി ബിഷപ് ജോസഫ് പാമ്പ്ലാനി, കൂരിയാ അംഗങ്ങൾ, ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ ഇരു വിഭാഗങ്ങളും നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്.
ഞായറാഴ്ചകളിലും മറ്റു കടമുള്ള ദിവസങ്ങളിലും നാല് കുർബാനകൾ ഉണ്ടായിരിക്കും. ഇതിൽ രാവിലെ 6, 8, 9.30 എന്നീ സമയങ്ങളിൽ ജനാഭിമുഖ കുർബാനയും വൈകീട്ട് അഞ്ചിന് ഏകീകൃത കുർബാനയും ആയിരിക്കും. മറ്റു ദിവസങ്ങളിൽ രാവിലെ 6.30നും വൈകീട്ട് ആറിനും രണ്ടു കുർബാനയാണുണ്ടാവുക. അത് ജനാഭിമുഖ കുർബാനയായിരിക്കും.
ഇതിനു പുറമെ മേജർ ആർച്ച് ബിഷപ്, എറണാകുളം അതിരൂപതയുടെ ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്, സഹായ മെത്രാന്മാർ എന്നിവർ പങ്കെടുക്കുന്ന ഈസ്റ്റർ, ക്രിസ്മസ്, ഓശാന തിരുനാൾ, സെന്റ് തോമസ് ദിനം ആഘോഷങ്ങൾക്ക് ഏകീകൃത കുർബാന അർപ്പിക്കാൻ അവസരം ഒരുക്കും. അത്തരം ദിവസങ്ങളിൽ ഞായറാഴ്ച അഞ്ചു മണിക്കുള്ള കുർബാന ജനാഭിമുഖം ആയിരിക്കും.
ഇടവക ആല്മസ്ഥിതി രജിസ്റ്ററിൽ പേരുള്ളവരുടെ മരണാനന്തര അനുസ്മരണ ചടങ്ങുകൾക്ക് ഏകീകൃത കുർബാന നടത്തണമെന്ന് ആവശ്യമുള്ളവർക്ക് ഇടവക വികാരിയോ, സഹവികാരിയോ, വികാരി ചുമതലപ്പെടുത്തുന്ന വൈദികനോ നടത്തിക്കൊടുക്കും. നിലവിൽ കോടതിയിൽ നിലനിൽക്കുന്ന കേസുകൾ പരസ്പരം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകും.
ധാരണ അംഗീകരിക്കില്ല -വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്
കൊച്ചി: എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ കുർബാന തർക്ക വിഷയത്തിൽ ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ്. ഏകീകൃത കുർബാനക്കായി നിലകൊള്ളുന്ന സംഘടനകളുമായി ബന്ധമില്ലാത്ത രണ്ടോ മൂന്നോ വ്യക്തികളെ സ്വാധീനിച്ച് ഉണ്ടാക്കിയ ധാരണ ഏകീകൃത കുർബാന ആഗ്രഹിക്കുന്നവർക്ക് സ്വീകാര്യമല്ലെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. ധാരണ പത്രത്തിൽ ഒപ്പിട്ടതായി പറയപ്പെടുന്നവരെ ആരാണ് ഇതിന് ചുമതലപ്പെടുത്തിയതെന്ന് അതിരൂപത നേതൃത്വം വെളിപ്പെടുത്തണം. ഒത്തുതീർപ്പ് നിയമവിരുദ്ധവുമാണ്.
വിശ്വാസികൾക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പവും സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ ഗൂഢ തന്ത്രമാണ് ധാരണ പത്രം. അതിരൂപതയിലെ എല്ലാ ഇടവകകളിലും പൂർണമായും ഏകീകൃത കുർബാനയെന്നതിന് വിരുദ്ധമായെടുക്കുന്ന ഏത് തീരുമാനത്തെയും എതിർക്കുമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി, ജനറൽ കൺവീനർ അഡ്വ. ജോയി ജോർജ്, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി, ട്രഷറർ ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.